WELCOME TO ULANADANS ARYDI

2011, മാർച്ച് 8, ചൊവ്വാഴ്ച

അണിയാതെ പോയ ശംഖു വളകള്‍“ശാഖ   പോള”

ദൂകാന്‍ വാല ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ദൂരെ ആണും പെണ്ണും കൈകോര്‍ത്തു അവരുടെ ലോകത്ത് അങ്ങനെ നടന്നു നീങ്ങുന്നു..പിന്നെയും ഒരുപാടാളുകള്‍.........
കാവിയുമുടുത്തു തല മുണ്ഡനം ചെയ്ത സന്യാസികള്‍ , ഭിക്ഷക്കാര്‍..

ദൂക്കാന്‍ വാല ആള്‍ക്കൂട്ടത്തെ നോക്കി പിന്നെയും ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു

“ശാഖ പോള”“ശാഖ പോള”

ഒരു നിമിഷം അവന്‍ എന്തോ ആലോചിച്ചു..... നിന്നു എന്നിട്ട് അവളോട്‌ ...

"ശംഖു വള വേണോ നിനക്ക് "
ശംഖു വളയോ ?
അതെന്താ !

കഥയുടെ കടലില്‍ നിന്നും ജന്മാന്തരങ്ങള്‍ക്കപുറത്തു നിന്നും ശങ്ഖുകള്‍ നടക്കാനിറങ്ങി കരയിലേക്ക്..
അവയെ പിന്‍ തുടര്‍ന്നു ചുവന്ന പവിഴപ്പുറ്റുകളും കൂടി .  ജല രാശികളുടെ നീലിച്ച ആഴങ്ങളിലൂടെ ചുവപ്പും വെളുപ്പും ആര്‍ന്ന രണ്ടു നിറങ്ങള്‍ ...  

ഓര്‍മ്മകള്‍ ....പിന്നെയുംഒരുപാട്  നിറങ്ങളായി പെയ്തിറങ്ങി....
 തിരിച്ചറിയാനാവാത്ത നിറങ്ങള്‍ ചേര്‍ന്ന  സുന്ദരമായ ഒരു സ്വപ്നം പോലെ.  സ്വപ്‌നങ്ങള്‍ തണുത്തുറഞ്ഞ് നീല നിറങ്ങളായി ആകാശത്തില്‍  പടര്‍ന്നത് പോലെ തോന്നി ലക്ഷ്മിക്ക്...
 ആകാശത്തിന്‍റെ താഴ്വരയില്‍ നടക്കാനിറങ്ങിയ മേഘത്തുണ്ടുകള്‍ക്കൊപ്പം താനും സ്വപ്നാടനം ചെയുന്നതു  പോലെ .
.വെള്ള മേഘങ്ങള്‍ നീല നിറമാര്‍ന്ന ശൂന്യതയിലേക്ക് ഉറഞ്ഞത്‌ പോലെ ഒരു പഞ്ഞിതുണ്ടു അലിഞ്ഞു മനസിലേക്ക് ഓര്‍മകളുടെ തണുപ്പായി പടരുന്നത്‌ പോലെ...
ആകാശ ജാലകത്തിലൂടെ  അവള്‍ ഏതോ കഴിഞ്ഞ കാലത്തിന്‍റെ  സ്വപ്നത്തിന്‍റെ സൌന്ദര്യത്തില്‍ മതി മറന്ന്  വിദൂര മേഘങ്ങളിലേക്ക് അലിയുകയായിരുന്നു.പക്ഷി വേഗങ്ങള്‍ക്കുമപ്പുറം ആകാശം പിന്നെയും കനത്തു.
 വെള്ള മേഘങ്ങള്‍ നീല ശൂന്യതയുടെ ആഴങ്ങളില്‍ എവിടെയോ ലയിച്ചു. സ്ഥല സമയ ബോധത്തിനപ്പുറം അവള്‍ അപ്പോഴും അങ്ങനെ തന്നെ ചാരി ഇരിക്കുകയായിരുന്നു. 

"excuse me maam "

കണ്ണ് മിഴിച്ചു നോകുമ്പോള്‍ പുഞ്ചിരിച്ച മുഖവുമായ്   സുന്ദരിയായ എയര്‍ ഹോസ്റ്റെസ് പെണ്‍കുട്ടി.
" tea ...or coffee .."?
tea   please...അത് പറഞ്ഞിട്ടു ലക്ഷ്മി വാച്ചിലേക്ക് നോക്കി
 7.10 ഇനിയും 20 മിനിറ്റ് കൂടി ലാണ്ടിങ്ങിനു .
ചില്ല് ജാലകതിനുമപ്പുറം പുറത്തു യന്ത്രച്ചിരകിന്റെ ഇരമ്പം കേള്‍കാം കാതോര്‍ത്താല്‍ ...ചായ പകര്‍ന്നു തരുന്ന  എയര്‍ ഹോസ്റ്റെസ് പെണ്‍കുട്ടിയുടെ സുന്ദരമായ മെഴുകുപോലെയുള്ള കൈകള്‍ കണ്ടപ്പോള്‍ അവള്‍ ഓര്‍ത്തു ..പണ്ട് തന്‍റെ കൈയും ഇത് പോലെയായിരുന്നു..ഡോക്ടര്‍ കൃഷ്ണന്‍ നായര്‍  പറഞ്ഞത് ഇപ്പോളും ഓര്‍ക്കുന്നു "റെയര്‍ സ്പീഷീസ്" ആണ് താനെന്നു.തൊട്ടാല്‍ ചുവക്കുന്ന ശരീരം. അന്ന് മുതല്‍ ഈ മുപതഞ്ചാം വയസിലും പിന്നെ ബേബി സോപിന്‍റെ മണമായിരുന്നു ശരീരം മുഴുവനും.അതെ ഉപയോഗിക്കാന്‍ പാടുള്ളൂ അത്രെ.

കൊല്‍ക്കത്തയോട് യാത്ര പറഞ്ഞിട്ടു പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ,ഒരിക്കല്‍ കടുത്ത  ഏകാന്തതയും പിന്നെ ഏറ്റവും സൌഹൃദവും സ്നേഹവും ഒക്കെ സമ്മാനിച്ച  നഗരം..
ചായ ഊതി കുടികുമ്പോള്‍ എന്തോ ഹരി ശങ്കര്‍നെ ഓര്‍മ വന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും ബ്ലാക്ക് ടീയും ആയി ഓഫിസ് കഴിഞ്ഞിട്ടും ഇരിക്കുന്ന അവന്‍റെ ഒപ്പം ഇത് പോലെ  ചായകള്‍ കുടിച്ചു എത്രയോ സന്ധ്യകള്‍ വറ്റിച്ചിട്ടുണ്ട് .

ഹൌറയില്‍ ആദ്യ ഓഫിസ് ദിവസങ്ങള്‍ .  അപരിചിതത്വം മാറി പുതിയസൌഹൃദത്തിന്റെ ആരവങ്ങളില്‍   സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ ചിരിയുടെയും തമാശകളുടെയും മാലപടക്കങ്ങള്‍ക്ക് തിരി കൊളുതുംബോളും ഉള്ളിലെ മുറിവിന്റെ നീറ്റല്‍ ആരെയും അറിയിക്കേണ്ട എന്നായിരുന്നു.

ആരവങ്ങള്‍ക്കിടയില്‍ എന്നും തനിച്ചായിരുന്നു .ഉള്ളില്‍ കനത്ത ഏകാന്തതായിരുന്നു.


അന്ന് ഓഫിസിലെ ആദ്യ ദിവസം ....എല്ലാരേയും പോലെ അവനെയും
 പരിചയപ്പെട്ടു ....ഹരി...ഹരി ശങ്കര്‍ ..നിഷ്കളങ്കമായ കണ്ണുകള്‍ അളന്നു തിട്ടപെടുത്തിയ
 അവന്‍റെ വാക്കുകള്‍.
അവന്‍ തിരിച്ചു ക്യുബികിളിലെക്ക് മടങ്ങുമ്പോഴും ആ നിഷ്കളങ്കമായ കണ്ണുകള്‍ എന്നിലേക്കാഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..


ഓര്‍ത്ത് വയ്ക്കാനും പറയാനും ഒന്നുമില്ലാത്ത തുടക്കം പിന്നീടെപ്പോഴോ പതുക്കെ..പതുക്കെ ഞാന്‍ പോലുമറിയാതെ അലിയുകയായിരുന്നു ..അവ ന്‍റെ വാശികള്‍ക്ക്, അവന്‍റെ സ്നേഹത്തിനു വേണ്ടി  നിര്‍ബന്ധങ്ങള്‍ക്ക്മുന്നില്‍.
.മലയാളി ആണെങ്കിലും ഹരി ശങ്കര്‍  ജനിച്ചതും വളര്‍ന്നതും എല്ലാം അവിടെയായിരുന്നു..

ഫ്ലൈറ്റ് ലാന്‍ട്   ചെയുന്നതിന് മുന്പായുള്ള അറിയിപ്പുകള്‍ കേട്ട് സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു വെറുതെ വിണ്ടോവിലൂടെ
താഴേക് നോക്കി ഇരുന്നു .താഴെ ഹൗറ പാലവും ഹുഗ്ലി  നദിയും ഒരു നേര്‍ രേഖപോലെ അവ്യക്തമായി കാണാം.
നഗരവിളക്കുകള്‍ തെളിഞ്ഞു നിന്നിരുന്നു..ഒരായിരം സിഗ്നല്‍ ലൈട്ടുകള്‍ തെളിഞ്ഞു നില്കുന്നത് കണ്ടപ്പോള്‍ ‍ റണ്‍വെയില് ആയിരം നക്ഷത്രങ്ങള്‍ താണിറങ്ങിയത് പോലെ.

വീണ്ടുംഒരിക്കല്‍ കൂടി വരികയാണ്   കൊല്‍ക്കത്ത നഗരത്തിലേക്ക് ...ഓര്‍മകളുടെ കൈവഴിയുടെ തീരത്ത്... ദക്ഷിണേശ്വര കാളി ക്ഷേത്രത്തിലേക്ക്...

 താജ് ബെന്ഗാള്‍ എന്ന് പറഞ്ഞു ടാക്സിയില്‍ കയറി ഇരുന്നപ്പോള്‍ നല്ല ക്ഷീണം തോന്നി
..ഒന്ന് കിടക്കാന്‍ തോന്നി..വൃദ്ധനായ ടാക്സി ഡ്രൈവര്‍ എന്തൊകെയോ പിറു പിറുക്കുന്നുണ്ട് . ഏതോ ഒരു ബെന്ഗാളി പാട്ട് പ്ലേ ചെയുന്നുണ്ട്  വണ്ടിയില്‍
പക്ഷെ  .

രാത്രിയിലും നഗരം സജീവമാണ് മനുഷ്യറിക്ഷകള്‍ .. സൈക്കിള്‍ റിക്ഷകള്‍,
നിസംഗമായ മുഖത്ത് ചിരിയുടെ ചുവന്ന ചായം പുരട്ടിയ ചുണ്ടുമായി,  ജീന്‍സും ടോപും ധരിച്ച യുവതികള്‍ നിരത്തില്‍  വഴിക്കണ്ണുമായി  ആരെയൊക്കെയോ കാത്തു നില്കുന്നത് പോലെ.....

പന്ത്രണ്ടു വര്‍ഷമായി ഇവിടെ നിന്നും പോയിട്ട്...വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ കൊല്‍ക്കത്ത ഇപ്പോഴും അത് പോലെ തന്നെ!

റേസ് കോ ഴ് സും കടന്നു ടാക്സി വിക്ടോറിയ സ്മാരകത്തിന്‍റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ പഴയ ഓര്‍മ്മകള്‍ ...
ഏകര്‍ കണക്കിന് ഭൂമിയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍കുന്ന വിക്ടോറിയ സ്മരാകത്തില്‍ ആദ്യമായ് വരുന്നത് ഹരി ശങ്കറിനൊപ്പമായിരുന്നു..വിക്ടോറിയ ഗാലറിയില്‍.

പിന്നെയും അലഞ്ഞിട്ടുണ്ട് ... കാളീഘട്ടില്‍..ദക്ഷിണേശ്വരകാളിക്ഷേത്രത്തില്‍       ഈ കൊല്‍ക്കത്ത മുഴുവന്‍ അവന്‍റെ കൈയില്‍ കൈ കൈകോര്‍ത്തു  .....

ഇനി വരുമെന്ന് നിനച്ചിരുന്നോ ? അന്ന് മടങ്ങുമ്പോള്‍ ....

ചിലപ്പോഴങ്ങനെയാണ് നമ്മള്‍ ഒരിക്കലും കാണരുത് എന്ന് വിചാരിക്കുന്ന മുഖങ്ങള്‍ വീണ്ടും മനസില്‍ വച്ചെങ്കിലും കണ്ടു മുട്ടും..
ഒരികലും വരരുത് എന്നി വിചാരിക്കുന്നിടത് കറങ്ങിതിരിഞ്ഞു വീണ്ടും അവിടേക്ക് തന്നെ എത്തിപെടും..കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങള്‍ ചിലപ്പോ മനസ്സില്‍ നിന്ന് പോലും മാഞ്ഞു പോകും...

ഹരിശങ്കര്‍ നീ എവിടെയാണ് ...? .
മനസില്‍ ഹരിയെ കാണാന്‍ ശക്തമായ് ആഗ്രഹം തോന്നി ...

"ദീദി ..."

ടാക്സി വാലയുടെ വിളിയില്‍ ഉണര്‍ന്നപോള്‍ മുന്‍പില്‍  താജ് ബെന്ഗാള്‍ 
ദീപങ്ങളില്‍ കുളിച്ചു ആകാശത്തേക്ക് തലയുയര്‍ത്തി നില്കുന്നു .. 

താജ്ന്‍റെ റിസപ്ഷനിലെ കണ്ണാടി ചുമരില്‍ ലോകത്തെ എല്ലാ സമയങ്ങളും തൂങ്ങി കിടപുണ്ടായിരുന്നു കാര്‍ഡു സ്വാപ്പ് ചയ്തു മുറിയില്‍ കയറുമ്പോഴേക്കും റൂം ബോയ്‌ ഡിന്നര്‍ മെനുവുമായ് എത്തി ..പ്രത്യേകിച്ച് ഒന്നും കഴികണംന്നു തോന്നാഞ്ഞതിനാല്‍ നന്ദി പൂര്‍വം ഒന്നും വേണ്ടഎന്നറിയിച്ചു ..
ഇനി ഒന്ന് കുളിക്കണം ....

തണുത്ത വെള്ളത്തില്‍ കുളിച്ചപ്പോ എല്ലാ ക്ഷീണവും പമ്പ കടന്ന പോലെ ..
ഓറഞ്ചു വിരിപിട്ട ഗ്ലാസ് ചുമരിനുമപ്പുറം..ദൂരെ എവിടെയോ കാളിഘട്ട്‌...

മനസില്‍ കാളിഘട്ടിന്‍റെ ഓര്‍മ്മകള്‍ ..ഹരിശങ്കര്‍ പറഞ്ഞു തന്ന കഥ
ഓര്‍മയില്‍ കാളിഘട്ടും , ഹരിശങ്കറും ആ സന്ധ്യയും ചുവന്നു തുടുത്തു..

സന്ധ്യ കനത്തു ..രാത്രി ഇരുണ്ടു..രാത്രി തളര്‍ന്നു ...ഇരുട്ട് വിയര്‍ത്തു
ഹരി ...
ലക്ഷ്മി ..
എന്തോ...പറ
ഇനിം കഥ പറ
എന്ത്  കഥ ?
കാളീ ഘട്ടിന്‍റെ 
ഉം ..

ഇരുട്ടില്‍ ഹരിയുടെ ചൂടില്‍  ..മന്വന്തരങ്ങള്‍ക്കപുറം
ഒരു ശിവ താണ്ഡവം .
സതീ ദേവിയുടെ ദേഹ ത്യാഗത്തിനു ശേഷം താണ്ഡവത്തില്‍   
സതീ ദേവിയുടെ ശരീരം അമ്പത്തിരണ്ടു ഭാഗങ്ങളായി ഓരോ ദിക്കിലേക്ക് ചിതറി വീണുവത്രേ !
ദേവിയുടെ വലതു കാല്‍ വിരല്‍ വീണത് കാളീഘട്ടത്തിലായിരുന്നത്രേ .....!
പിന്നെയും ഒരു പാട് സന്ധ്യകള്‍ ചുവന്നു തുടുത്തു....

താജ് ബെന്ഗാളിന്‍റെ കണ്ണാടിചില്ലിനുമാപ്പുറം നഗരവിളക്കുകള്‍ക്കുമപ്പുറം രാത്രിയുടെ നീല ശൂന്യതയ്ക്കും അപ്പുറം ഓര്‍മ്മകള്‍ ലക്ഷ്മിയെ പിന്നെയും കൂട്ടി കൊണ്ട് പൊയ് കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മകളിലെക്ക്  ....

നീണ്ടു മെലിഞ്ഞ കൈവിരലുകളില്‍ നോട്ടം വഴുതി വീണപ്പോള്‍ ഉള്ളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു   ...മുപ്പത്തഞ്ചു വര്‍ഷത്തെ... കാലത്തിന്‍റെ അടയാളങ്ങള്‍ ...ഒരു പാട് രേഖകള്‍... വിദ്യാഭാസ രേഖ മംഗല്യ രേഖ ആയുര്‍ രേഖ... ചിന്തകള്‍ ഒരു നേര്‍ത്ത നെടുവീര്‍പ്പിലലിഞ്ഞു..

"ലക്ഷ്മി.."

 
"എന്തോ" ...

"ശംഖുപുഷ്പം " ഹരി പറഞ്ഞു
 "എന്താ ?"
നിന്‍റെ കണ്ണുകള്‍ ..
"ഉം "

ലക്ഷ്മിയുടെ  മനോഹരമായ മിഴിയിതളില്‍ ഓര്‍മയുടെ ഒരു തുള്ളി പൊടിഞ്ഞു...
അവളോര്‍ത്തു ..അങ്ങ് ദൂരെ മതില്‍ കെട്ടിനകത്ത്‌...ഓര്‍മകളുറങ്ങുന്ന...വീട്ടു മുറ്റത്ത്‌..ഒരു നീല ശംഖു പുഷ്പത്തിന്‍റെ ഇതള്‍ ഒരൊറ്റ തുള്ളിയുടെ നനവില്‍ അലിഞ്ഞിട്ടുണ്ടാകും...അവള്‍ വെറുതെ ഓര്‍ത്തു മമ്മയെ പപ്പയെ ഓര്‍മകളുടെ വീടിന്റെ മുറ്റത്തെ ശംഖുപുഷ്പത്തെ 

ദൂരെ സ്ഥലരാശിയുടെ ശൂന്യതക്കുമപ്പുറം പ്രകാശവര്‍ഷങ്ങളിലൂടെ ഒരു ഒറ്റ നക്ഷത്രം കണ്ണില്‍ കുരുങ്ങിയത് പോലെ ...
ഭൂമിയിലെ ബന്ധനങ്ങളുടെ പവിത്രമായ ഭ്രമണപഥത്തില്‍ നിന്നും ഒറ്റപെട്ടു പോയ ഒരു പകല്‍ നക്ഷത്രം....

മനസില്‍ എന്നോ കേട്ട് മറന്ന ഒരു പാട്ടോഴുകിയെത്തി

"ആകാശ മേടയില്‍ നീ മാന്‍പേട ആയ് ഉയര്‍ന്നാല്‍
തിങ്കള്‍ കൊതുംബുമായ് വരും
വിദൂര മേഘമായ് ഞാന്‍
കരയാതെ കണ്ണുറങ്ങ് മാറോടു ചേര്‍ന്നുറങ്ങ്"

പപ്പയുടെ ഓര്‍മ്മകള്‍ ..സുരക്ഷിതത്വത്തിന്റെ ഓര്‍മ്മകള്‍
എന്ന്നാണ് അതാദ്യമായ് നഷ്ടപെട്ടത് ...പപ്പാ പോകുന്നതിനും മുന്‍പ്
ഇത് പോലെ സ്വപ്ങ്ങള്‍ കണ്ടു നിലാവിലലിഞ്ഞ ഒരു രാത്രി
അന്ന് പപ്പക്ക് ഉത്തര്‍പ്രദേശിലായിരുന്നു അന്ന് ജോലി....
ബനാറസ്‌ ടെമ്പിള്‍ കാണിക്കാന്‍ കൊണ്ട് പോകാം എന്ന് കുറെ നാളായി പറഞ്ഞു കൊതിപ്പിക്കുവാണ്..ഒടുവില്‍ നാളെ ഓഗസ്റ്റ്‌ പതിനഞ്ചു.

പപ്പാ സമ്മതിച്ചിരിക്കുന്നു..
നാളെ കൊണ്ട് പോകാമന്നു..
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസു മുഴുവന്‍ സന്തോഷമായിരുന്നു ..
ഓഗസ്റ്റ്‌ പതിനാലു ..അര്‍ദ്ധ രാത്രി ...
ഒരു രാഷ്ട്രത്തിന് മുഴുവന്‍  സ്വാതന്ത്ര്യം കിട്ട്ടിയ രാത്രി അന്നായിരുന്നു എന്‍റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപെട്ടത് ..

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ് മുഴുവന്‍ സ്വപ്നമായിരുന്നു ..സന്തോഷമായിരുന്നു ..അപ്പുവും സന്തോഷതിലായിരുന്നു ....

രാത്രി എപ്പോഴോ അടി വയറ്റില്‍ വേദന പടര്‍ന്നു കയറിയത് പോലെ ..
മനസിലും ശരീരതിലുമാകെ ഒരു വല്ലാത്ത അസ്വസ്ഥത ...

കുറെ തിരഞ്ഞും മറിഞ്ഞും കിടന്നു നോക്കി കുറയുന്നില്ല .ഇടക്കെപോഴോ ഇരുട്ടില്‍ ഒരുപാടു ചുരുളുകളില്‍ ...പിന്നെ ഒരുപാടു നിറങ്ങളായി നിവരുന്ന പോലെ .പച്ചയും വെള്ളയും കുംകുമവും ഒടുവില്‍ ചുവപ്പ് മാത്രമായി ...

ലൈറ്റ് ഇട്ടുനോക്കിയപ്പോ ബെഡ് ഷീറ്റിലെ പച്ചയും വെള്ളയും കലര്‍ന്ന പൂക്കള്‍ക്കിടയില്‍ ഒരു പുതിയ ചുവന്ന പൂവ് കൂടി ...

മമ്മിയെ വിളിച്ചപ്പോ
കെട്ടി പിടിച്ചു ഉമ്മ വച്ച്
" പേടിച്ചു പോയോ എന്‍റെ കുട്ടി മിടുക്കത്തി ആണെന്ന് കാണിച്ചു തന്നതല്ലേ"
നെറ്റിയില്‍ മമ്മിയുടെ ചുണ്ടുകള്‍ ഉമ്മയായ് പൊതിയുമ്പോള്‍ നാണത്താല്‍ കൂമ്പിയടഞ്ഞു പോയി  കണ്ണുകള്‍ ...
അന്നായിരുന്നു ആദ്യമായും അവസാനയും പപ്പയുടെ കണ്ണുകള്‍ നിറഞ്ഞു കണ്ടത് .

"എന്‍റെ മോളൂന്‍റെ സ്വാതന്ത്ര്യം നഷ്ടപെട്ടല്ലോ ?"
അത് പറയുമ്പോള്‍ പപ്പയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ശബ്ദം ഇടറുന്നുണ്ടായിരുന്നു .

പെണ്മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛന്മാരുടെയുംകണ്ണുകള്‍  നിറയുന്ന ഒരു പകലോ രാത്രിയോ അത് പോലെയുണ്ടാകുമന്നു മനസിലാക്കാന്‍
പിന്നെയും എടുത്തു വര്‍ഷങ്ങള്‍ ..


പിന്നെ ഒരിക്കലും പപ്പയുടെ നെഞ്ചത്ത് ചാടി കയറി ഇരുനിട്ടില്ല .ഉണ്ണി ഏട്ടന്റെയും അപ്പുന്റെയം കൂടെ കളിക്കാന്‍ പോയിട്ടില്ല.

പിറ്റേ ദിവസം ബനാറസ് ടെമ്പിള്‍ കാണാന്‍ പോകാഞ്ഞതിന്റെ സങ്കടം അപ്പുന്റെ വാകുകളില്‍ ഉണ്ടാരുന്നു.

"ഈ ചേച്ചിക്ക് പനി ഒന്നുമില്ല നെറ്റിക് ചൂടില്ല ..നമുക്ക് പോകാം "

എന്നു പറഞ്ഞു എന്നോട് കുറുമ്പ് കാട്ടാന്‍ വന്നത് എല്ലാം ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു...

പിന്നെ .പതുക്കെ ഞാന്‍ ഏകാന്തകളെ സ്വപ്നങ്ങളെ ഓറഞ്ചു നിറമുള്ള മൈലാഞ്ചി നിറത്തെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു .

പച്ച ചാണകം എന്നു പറഞ്ഞു കളിയാക്കുമായിരുന്നു പപ്പ..മൈലാഞ്ചി പൊതിഞ്ഞ വിരലുകള്‍ നോകി കൂര്പിച്ച ചുണ്ടുകള്‍

വിടര്‍ത്തി ഞാന്‍ കരയാന്‍ തുടങ്ങുമ്പോള്‍ " എന്‍റെ കുഞ്ഞു കരയണ്ട കേട്ടോ"

എന്നു പറഞ്ഞു ചോറു വാരി തരുമായിരുന്നു .

പിന്നെ അമ്മയെയും    അപ്പുനേം എന്നേം തനിച്ചാകി പപ്പ പൊയി ഒരു ഒറ്റ നക്ഷത്രമായ്...

പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം  മൈലാഞ്ചി ഇട്ടതു കല്യാണത്തിന്റെ തലേ ദിവസമായിരുന്നു.

ചാണക പച്ച പോലെ ഉള്ള മൈലാഞ്ചി പൊതിഞ്ഞ വിരലുകള്‍ നിലവില്‍ ഉണക്കാനിട്ടു കാത്തിരുന്ന രാത്രി..നിറയെ സ്വപ്നങ്ങളും

പ്രതീക്ഷകളും നിറഞ്ഞ രാത്രി ആയിരുന്നു .

ആ സ്വപ്നത്തിന്റെ ഉറക്കം ഉണരുന്നത് ഏകാന്തതയുടെ ..സ്വാതന്ത്ര്യത്തിന്റെ അറുതിയിലേക്കാണന്നു

അറിയാമാരുന്നു..എങ്കിലും അത് എല്ലാവരുടേം ജീവിതത്തില്‍ ഉള്ളതുപോലെ സുഖകരമായ അറുതി ആയിരികുമെന്നെ കരുതി ഉള്ളു..

പക്ഷെ കരിന്തിരി കത്തിയ നിലവിളകിന്‍ തിരി‍ പോലെ സ്വപ്‌നങ്ങള്‍ കരിഞ്ഞ നിറമായിരുന്നു പിന്നെ ..
പിന്നെയും  ഒരുപാട് നിറങ്ങള്‍ പട്ടിന്റെ നിറം , മഞ്ഞ താലി ചരടില്‍ കണ്ട സ്വപ്ങ്ങളുടെ നിറം പക്ഷെ എല്ലാം
ക്ലാവ് പിടിച്ച നിലവിളകില്‍ അലിഞ്ഞ കരിന്തിരി കറുപ്പിന്റെ നിറമാവുകയായിരുന്നു.
നിറയെ സ്വപ്‌നങ്ങള്‍ പൂത്ത രാത്രിയുടെ കാത്തിരിപ്പില്‍ ചുവന്നു കലങ്ങിയ അരുണിന്റെ  കണ്ണുകളില്‍ എല്ലാ സ്വപ്നങ്ങളും നിറം മങ്ങുകയായിരുന്നു .

ആദ്യ രാത്രിയില്‍ കാത്തിരുന്നു കണ്ണില്‍ പടര്‍ന്ന ഇരുട്ടിന്റെ നിറം മായ്ചു കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളുമായി അരുണ്‍  വേച്ചു, വേച്ചു വന്നപ്പോള്‍ ശരിക്കും മനസു പിടഞ്ഞു പൊയ് ...ആദ്യ ദിവസം തന്നെ ഇങ്ങനെ അപ്പോള്‍ .....

"ഉറങ്ങണോ.."?

അത് കേട്ടപ്പോള്‍ ആ ചുവന്നു കലങ്ങിയ കണ്ണുകളില്‍ നോക്കി ഇത്രയും നേരം എങ്കി പിന്നെ കാത്തിരിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ എന്ന് ചോദികാനാണ് തോന്നിയത് ..പക്ഷെ ...

"ഉം " എന്ന് മാത്രം മൂളി തലകുനിച്ചിരുന്നു...
അപ്പോളെകും അയാള്‍ മറിഞ്ഞിട്ടുണ്ടായിരുന്നു കിടക്കയിലേക്ക് ....

കൂര്‍കം വലിച്ചിരുന്ന അരുണിനെ  നോക്കി ഒരുപാടു നേരം ഇരുന്നു എന്തൊകെയോ ആലോചിച്ചു പൊയ് ..ഇതായിരുന്നോ ഞാന്‍ കാത്തു വച്ച സങ്കല്‍പം ...
ലൈറ്റ് ഓഫ് ചയ്തു അരുണിന്റെ അടുത്ത് കിടകുമ്പോള്‍ അതുവരെയുണ്ടായിരുന്ന കാഴ്ച്ചകളത്രയും മറച്ചു കൊണ്ട് ഒരു തുള്ളി ഉരുണ്ടു ബെഡ് ഷീറ്റിലലിഞ്ഞു ...

ചുവന്നു കലങ്ങിയ കണ്ണുകളോട് കൂടിയല്ലാതെ അരുണിനെ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചത്‌ മണ്ടത്തരമായിരുന്നു
എന്ന് മനസിലായി പിന്നീടുള്ള  രാത്രികളില്‍ ...
അയാള്‍ക് വേണ്ടിയുള്ള ചടങ്ങ് മാത്രമായിരുന്നു പിന്നീടാവ ര്‍ത്തിക്കപെട്ടത്‌ ശരീരം മാത്രം ...മനസുഎങ്ങോ  വിദൂരതയിലയിരുന്നു നിലാവിന്റെ നീല നിറങ്ങളില്‍ ....അയാള്‍ അറിഞ്ഞത് എന്നെയല്ലയിരുന്നു ..ശവത്തെ ആയിരുന്നു . ജീവനില്ലാത്ത ശരീരത്തെ മാത്രം .

അയാള്‍ക്കാത് ഒരു പ്രശ്നമേ അല്ലാരുന്നു..സ്ത്രീയെ മനസിലാക്കാന്‍ കഴിയാത്ത പുരുഷ ത്വത്തിന്റെ പ്രതീകമായിരുന്നു അയാള്‍.
സ്ത്രീയ്കും  ആഗ്രഹങ്ങളും സ്വപ്നങ്ങളും  പ്രതീക്ഷകളും ഉണ്ടന്ന് അയാള്‍ക്ക്‌  മനസിലാക്കാന്‍ തല്പര്യമില്ലരുന്നു.
സൌഹൃദങ്ങളെയും, ബന്ധങ്ങളെയും എല്ലാം നീ ഒരേ കണ്ണില്‍ കൂടിയായിരുന്നു 
കണ്ടത്..ഒടുവില്‍ സഹി കെട്ടിട്ടും പിടച്ചു നിന്നത് ആ താലിചരടിന്റെ പവിത്രതയെ മാത്രം ഓര്‍ത്തായിരുന്നു 

അല്ലെങ്കില്‍ നിന്‍റെ  സ്വാര്‍തത ഒലിച്ചിറങ്ങുമ്പോഴും  പാതി വഴിയില്‍ ഉണര്‍ത്തി ഉറങ്ങാന്‍ വിധികപ്പെട്ട സ്ത്രീത്വം എന്നെ നിന്‍റെ 
ഇരുട്ട്മുറിയില്‍ നിന്ന് ഓടി പോയെനേം .സ്നേഹത്തിനു സൌഹൃദത്തിനും നീ കണ്ടത് ഒരര്‍ത്ഥം മാത്രമായിരുന്നു .
കാരണം സ്വാര്തമായ നിന്റെ കലങ്ങിയ കാഴ്ച മാത്രമായിരുന്നു.നിന്‍റെ അറിവ് കേടുകള്‍ക്ക് കാലം എങ്കിലും 
നിന്നോട് പൊറുക്കട്ടെ  അരുണ്‍ ഇനി ഒരിക്കലും എന്‍റെ  ഓര്‍മകളില്‍ പോലും നീ കടന്നു വരാതിരിക്കട്ടെ.

ന്‍റെര്‍കോംന്‍റെ ശബ്ദം ലക്ഷ്മിയെ ഓര്‍മകളില്‍ നിന്നും തിരിച്ചു കൊണ്ട് വന്നു.ഹോട്ടല്‍ പരിചാരകന്‍ വിളിച്ചതായിരുന്നു.നന്ദി പറഞ്ഞു ഫോണ്‍ വച്ച് ലക്ഷ്മി കിടന്നു...

നാളെ ദക്ഷിണേശ്വരകാളി ക്ഷേത്രത്തില്‍ പോകണം ആ ശംഖു വളകള്‍ ഒരികലും
അണിയാതെ പോയ ശംഖു വളകള്‍ അത് അവിടെ ഗംഗ നദിയുടെ കൈവഴിയില്‍ ഹൂഗ്ലി നദിയില്‍ ഓര്‍മകളുടെ തീരത്ത് നിമഞ്ജനം ചെയണം.
കണ്ണുകള്‍ അടച്ചിട്ടും ഹരി ശങ്കറിന്‍റെ  നിഷ്കളങ്കമായ ആ കണ്ണുകള്‍ എന്നിലേക്ക്‌ തന്നെ നോകി ഇരിക്കുന്നത് പോലെ .നിഷ്കളങ്കമായ ആ നോട്ടവും ആ കണ്ണുകളും പതുക്കെ ഇരുട്ടിലെവിടെയോ ലയിച്ചു...ശൂന്യതയുടെ ആഴങ്ങളിലെക്ക്ക്.


ഇരുട്ടുണര്‍ന്നു. സ്ഫടികപാളികളില്‍ കൂടി വജ്ര രശ്മി പോലെ വെളിച്ചം കണ്ണിലേക്കു പടര്‍ന്നു .ഓര്‍മകളുടെ അവസാനം ഇരുട്ടില്‍ എപ്പോളോ അറിയാതെ ഉറങ്ങി പോവുകയായിരുന്നു . ഇന്നലെ  സന്ധ്യയില്‍  നീലയായ് കറുപ്പായി  പടര്‍ന്ന  ഓര്‍മകളുടെ  ഇരുട്ട്   മാഞ്ഞു .
ആദ്യം തന്നെ റിസപ്ഷനില്‍ വിളിച്ചു 8 മണിക് ഒരു ടാക്സി ഏര്‍പ്പാടാക്കി. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു.
വിസ്തരിച്ചു ഒന്ന് കുളിക്കണം.


ഷവറിലെ വെള്ളം മഴയായി പെയ്തിറങ്ങി ..മഴ  ഒരു ഒറ്റ തുള്ളിയായി ചുരുങ്ങി
കണ്ണാടിക്ക് മുന്‍പില്‍ മുടി കോതി ഉണക്കുമ്പോള്‍  സീമന്ത രേഖയില്‍ എന്നോ മാഞ്ഞ ചുവപ്പിനെ അവള്‍ വെറുതെ ഓര്‍ത്തു.

ചുവപ്പ് ഏറ്റവും ഇഷ്ടമുള്ള നിറം. സിന്ദൂരത്തിന്‍റെ ശംഖു വളയുടെ നിറം ചുവന്ന പട്ടു സാരി ബാഗില്‍ നിന്ന് എടുത്തു വക്കുമ്പോള്‍ ലക്ഷ്മി ഓര്‍ത്തു ഹരി ശങ്കറിന് ഒരുപാടിഷ്ടമായിരുന്നു ചുവന്ന പട്ടു സാരി..
എന്നിട്ടും  എല്ലാ ഇഷ്ടങ്ങളില്‍ നിന്നും നിനക്കെങ്ങനെ ഓടി ഒളിക്കാന്‍ കഴിഞ്ഞു എന്തായിരുന്നു നിന്‍റെ പ്രശ്നം .ഹരി  നീ എന്തിനു എന്നില്‍ നിന്ന് ഓടി മറഞ്ഞു..

അസ്തമിക്കാന്‍ വേണ്ടി ഉദിക്കുന്ന സൂര്യനെ പ്രണയിച്ച..
കൊഴിയുവാന്‍ വേണ്ടി വിടരുന്ന പൂവിനെ,  പ്രണയത്തെ , നൈമിഷികമായ ഈ ജീവിതത്തെ അത്രമാത്രം ഇഷ്ടപെട്ട നിനക്കെങ്ങനെ കഴിയും...

ഒരികലും ഉടയാതെ ഞാന്‍ സൂക്ഷിച്ചു വച്ച  ആ ശംഖു വളകള്‍ ഇപ്പോഴും ഭദ്രമായി അതെന്‍റെ കയില്‍ തന്നെ ഉണ്ട് ഒരിക്കല്‍ നീ അതണിയിച്ചു തരുന്ന നിമിഷത്തിനായി കാത്തു വച്ച , അണിയാതെ പോയ ശംഖു വളകള്‍....

ഓര്‍മയില്‍ രണ്ടു വളകള്‍ തെളിഞ്ഞു..ചുവപ്പും വെളുപ്പുമാര്‍ന്ന രണ്ടു വളകള്‍ ..ശംഖു വളകള്‍.

ദക്ഷിണേശ്വര്‍ ക്ഷേത്രത്തില്‍ അന്ന് ഹരി ശങ്കറിനൊപ്പം..
“ശാഖ പോള”
ബംഗാളി ഭാഷയില്‍ ദൂകാന്‍ വാല ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ദൂരെ ആണും പെണ്ണും കൈകോര്‍ത്തു അവരുടെ ലോകത്ത് അങ്ങനെ നടന്നു നീങ്ങുന്നു..പിന്നെയും ഒരുപാടാളുകള്‍..


“ശാഖ പോള”

ദൂകാന്‍ വാല പിന്നെയും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു..
ഒരു നിമിഷം ഹരി എന്തോ ആലോചിച്ചു എന്നിട്ട്
" ശംഖു വള വേണോ നിനക്ക്..?"


ശംഖു വളയോ..! അതെന്താ ?
ചുവപ്പും വെളുപ്പുമാര്‍ന്ന രണ്ടു വളകള്‍ കടക്കാരന്‍ പൊതിഞ്ഞു തന്നു .
ഹരീ ..
"ഉം "


എന്താ ശംഖു വളകളുടെ കഥ


"ഇപ്പൊ കഥ പറയാനുള്ള മൂഡല്ല."
ശനിയാഴ്ചകളുടെ രാത്രി തളരുംബോഴേ അവനു കഥ പറയാനുള്ള മൂടാകൂ.


പിന്നെടെത്രയോ ശനിയാഴ്ചകള്‍ തളര്‍ന്നു കഥ പറഞ്ഞു ഹരിയോടൊപ്പം പുലര്ന്നിട്ടുണ്ട്.


ഒരിക്കലും ആരുടെ മുന്നിലും തുറക്കാത്ത അടഞ്ഞ പുസ്തകമായി ഇരുന്നപ്പോഴും..ഹരിയുടെ നിര്‍ബന്ധത്തിനും വാശികള്‍ക്കും മുന്‍പില്‍ എങ്ങനെ കീഴടങ്ങാന്‍ കഴിഞ്ഞു...


വിയര്‍പ്പു പൊടിഞ്ഞ കണ്ണുകള്‍ കൂമ്പിയടഞ്ഞ ഇരുട്ടില്‍ അവന്‍ ചോദിക്കുകയും ചെയ്തു...


"ലക്ഷ്മി.."
എന്തോ ..
"നിനക്കെന്നോട് സ്നേഹമുണ്ടോ?
ഉം പിന്നില്ലാതെ അല്ലെങ്കില്‍ .....


ഹരീ ..
എന്താ


"നീയെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത് ..?"
ഞാന്‍ നിന്നെ കാണുകയായിരുന്നു...
ഈ കണ്ണുകളില്‍ മാത്രം നോക്കി ഇരികുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു ..അസ്തമയങ്ങളെ ...പൂ വിരിയുന്ന നിമിഷത്തിന്റെ ഇടവേളയെ..എല്ലാം മറക്കുന്നു ഞാന്‍ എല്ലാം .


ഉം പോടാ ..


"ലക്ഷ്മി "
എന്താ ..
"ഞാന്‍ ഒളിചോടട്ടെ ..നിന്നില്‍ നിന്ന് ."
അതെന്താ മടുത്തോ ..?
"അറിയില്ല "..
പക്ഷെ ഈ ആവര്‍ത്തനങ്ങള്‍ എന്നും മടുപിച്ചിട്ടെ ഉള്ളു
"അപ്പോള്‍ ഞാനും ആവര്‍ത്തനമല്ലെ ..? അപ്പോള്‍ എന്നയുംമടുക്കും നിനക്ക് .."


അറിയില്ല ചിലപ്പോള്‍ ...


ലക്ഷ്മി
"ഉം "
നിനക്കെന്നെ സ്നേഹിക്കാന്‍ കഴിയുമോ ?
ഉം
എനിക്ക് നിന്നെ സ്നേഹിക്കാന്‍ ..നീ എന്നെ സ്നേഹിക്കണം എന്നില്ല.
ഉം
ലക്ഷ്മി
"എന്തോ "
ആഹാ ആ വിളി കേള്‍ക്കല്‍ കേള്‍ക്കാന്‍ എന്ത് രസം.
ഉം
അങ്ങനെയെ വിളി കേള്‍ക്കാവു എന്ന് പപ്പാ പഠിപ്പിച്ചതാ ..


"ഹരീ"
എന്താ ..


"ഇനി കഥ പറയാനുള്ള മൂടായില്ലേ
പറ ശംഖു വളകളുടെ കഥ പറ..
ഇപ്പൊ അതെന്റെ കൈയിലണിയിച്ചു തരുമോ......


ഇപ്പോഴല്ല പിന്നീടൊരിക്കല്‍
സമയമാകട്ടെ...ഒരിക്കല്‍ ഞാനത് അണിയിച്ചു തരുന്നുണ്ട്.
"ഉം "


എങ്കില്‍ കഥ പറ ...


ഉം
കഥയില്‍ നിന്നും കഥയുടെ കടലില്‍ നിന്നും ജന്മാന്തരങ്ങള്‍ക്കപുറത്തു നിന്നും ശങ്ഖുകള്‍ നടക്കാനിറങ്ങി കരയിലേക്ക്..
അവയെ പിന്‍ തുടര്‍ന്നു ചുവന്ന പവിഴപ്പുറ്റുകളും കൂടി പുറകെ.കടല്‍ കടന്നു ജലരാശികളുടെ ആഴപരപ്പിലൂടെ നദിയിലൂടെ ഒടുവില്‍ അവര്‍ ഒരു കരയുടെ തീരത്തടിഞ്ഞു അപോഴെകും ശങ്ഖും പവിഴവും കാലദൈ ര്‍ ഖ്യങ്ങളിലൂടെ പൊടിഞ്ഞു രണ്ടു വളകളായി കരയ്കടിഞ്ഞു.


ആ നദിക്കരയിലും ഉണ്ടായിരുന്നു ഒരു ഹരിയും ലക്ഷ്മിയും..അവരുടെ വിവാഹ സമ്മാനമായി ഏഴു സ്ത്രീകള്‍ അത് മഞ്ഞളില്‍ മുക്കി വിവാഹ ദിവസം അവളുടെ കയില്‍ അണിഞ്ഞു ...
"ഏഴ് സ്ത്രീകളോ" ?
"അതെ "
ഹരി തുടര്‍ന്ന് ഏഴു സ്ത്രീകള്‍ വിവാഹിതകളായ ഏഴു സ്ത്രീകള്‍ ..അവര്‍ ദേവത മാരായിരുന്നത്രേ ...


അങ്ങനെ ആ കഥയുടെ തുടര്‍ച്ചായി മനസു കൊണ്ടത്ര അടുത്തവര്‍ വിവാഹ ശേഷം ശംഖു വളകള്‍ അണിയുന്ന ആചാരം ഇന്നും കൊല്കതയില്‍ തുടര്‍ന്നു പോന്നു ....


അപ്പോള്‍ എന്റെ കയില്‍ എന്നാ ഇട്ടു തരുന്നേ


"ഒരിക്കല്‍ നിന്നില്‍ നിന്നോളിചോടിയില്ലങ്കില്‍  "


പക്ഷെ നീ എന്നില്‍ നിന്ന് മാത്രമല്ല നിന്നില്‍ നിന്നല്ലേ ഹരി ഓടിപ്പോയത് ...


ലക്ഷ്മി ശംഖു വളകള്‍ കയില്‍ പിടിച്ചു ഇരിക്കാന്‍ തുടങ്ങിയിട്ട് സമയമേറെ കഴിഞ്ഞിരുന്നു.
ലക്ഷ്മി തീരുമാനികുകയായിരുന്നു


ഹരീ നീ വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നത് വെറുതെ ആണെന്നറിയാമായിരുന്നു
പക്ഷെ ഇനി എനിക്ക് കാത്തിരിക്കാന്‍ വയ്യ ..ഒരികലും അണിയാതെ പോയ ഈ ശംഖു വളകൊപം നിന്റെ ഓര്‍മകളെയും ഞാന്‍ ഒഴുക്കുകയാണ് ..ഗംഗ നദിയുടെ കൈവഴിയില്‍ ..ഹൂഗ്ലി നദിയില്‍ നമ്മുടെ
സന്ധ്യകള്‍ക്കൊപ്പം ചുവന്നു തുടുത്ത ദക്ഷിണേശ്വര ക്ഷേത്ര ത്തിന്റെ തീരത്ത് ..
ഹരീ ഞാന്‍ വരികയാണ്..


മനുഷ്യ റിക്ഷകള്‍ കൊല്‍ക്കത്തയുടെ മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച് നന്നേ കുറവാണ് താജ് ബെന്ഗാള്‍ സ്ഥിതി ചെയുന്ന അലി പൂര്
ഏരിയയില്‍..
ടാക്സി മിഷനറി ഓഫ് ചാരിറ്റിയുടെ മുഖ്യ ഭവനവും കടന്നു ഓടി ക്കൊണ്ടിരുന്നപോള്‍ മനസില്‍ മദറിന്റെ മുഖം തെളിഞ്ഞു വന്നു
സ്നേഹത്തിന്റെ, സഹനത്തിന്റെ , കാരുണ്യത്തിന്റെ മുഖം..മദര്‍ തെരേസ ..
ഇപ്പോള്‍ ഞാനും എല്ലാം സഹിക്കാന്‍ പഠിച്ചു ..ക്ഷമിക്കാന്‍ പഠിച്ചു
ടാക്സിയുടെ വിണ്ടോവിലൂടെ കടന്നു വന്ന തണുത്ത കാറ്റ് ലക്ഷ്മിയുടെ മനസിനെയും തണുപ്പിച്ചു..

വഴിയരികില്‍ ആളുകള്‍ കുളികുകയും ഭക്ഷണം കഴിക്കയും ചെയുന്നുണ്ട് ..
ടാക്സി പിന്നെയും കുറെ ദൂരം പിന്നിട്ടപോഴേക്കും വൃത്തിയുള്ള റോഡുകളും ആഡംബരത്തില്‍ തല ഉയര്‍ത്തി നില്‍കുന്ന ബഹുനില കെട്ടിടങ്ങളും ..സുന്ദരമായ നഗര കാഴ്ചകള്‍ ലക്ഷ്മിയിലൂടെ  പുറകോട്ടു മറഞ്ഞു കൊണ്ടിരുന്നു....


ദൂരെ വിവേകാനന്ദ പാലത്തിനു താഴെ കുറച്ചകലെ ദക്ഷിണേശ്വര്‍ ക്ഷേത്രം കാണാം..ശ്രീ രാമകൃഷ്ണ പരമ ഹംസര്‍ ദേവിയെ നേരില്‍ കണ്ടു പൂജിച്ച സ്ഥലം .അന്ന് ഹരി പറഞ്ഞു തന്നതോര്‍ത്തു..
ഭാവതാരിണി കാളിയാണ്‌ മുഖ്യ പ്രതിഷ്ഠ ..പിന്നെ    പരമശിവന്‍റെ  പന്ത്രണ്ടു   വിധത്തിലുള്ള പ്രതിഷ്ഠകളും , രാധ കൃഷ്ണ ക്ഷേത്രവും.റാണി മോഷ്മിയാ ണത്രെ ദക്ഷിണേശ്വര ക്ഷേത്രം സ്ഥാപിച്ചത് .

ഹൂഗ്ലി നദിയുടെ തീരത്ത് ബോട്ട് കാത്തു നിന്നപോള്‍ ഓര്‍മയില്‍ പുണ്യമായ് ഗംഗ കടന്നു വന്നു.സ്മ്രിതിയില്‍ പോലും പുണ്യം തളിക്കുന്ന ഗംഗ...
ഹൂഗ്ലി നദി ഗംഗയുടെ ശാഖയാണ് കൈ വഴി.. ദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഹൂഗ്ലി നദിയില്‍ സ്നാനം ചെയ്യുന്നു.ഗംഗയുടെ പുണ്യം ഹൂഗ്ലിയിലും കിട്ടുമോ...!

ബോട്ടിനായി നദിയുടെ തീരത്ത് കാത്തു നില്‍കുമ്പോള്‍ ദൂരെ ജലപ്പരപിനോട് തൊട്ടുയര്‍ന്നു വരുന്ന കുംകുമ സൂര്യന്‍ മനോഹരമായ കാഴ്ചായിരുന്നു.

പായക്കപ്പലിന്‍റെ ചെറിയ പതിപ്പായ ഒരു ചരക്കു വള്ളം ഷാള്‍ പുതച്ച ഒരു വൃദ്ധന്‍ അതിലിരുന്നു ഏതോ പാട്ടിന്‍റെ ഈണവും മൂളി പോകുന്നുണ്ടായിരുന്നു.

ബോട്ടില്‍ കയറി പറ്റി ഇരിപ്പുറപ്പിക്കുമ്പോള്‍ ..നനുത്ത സ്പര്‍ശമുള്ള ഒരു കാറ്റ് മനസിലും തട്ടിയത് പോലെ ...ബോട്ട് മുന്നോട്ടു ഓടി ക്കൊണ്ടിരുന്നു ...അല്ല ഒഴുകുകയായിരുന്നു ...ജല പാളികളെ മുറിച്ചു കൊണ്ട്.
എതിര്‍ വശത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു..അച്ഛന്‍ മകള്‍ക് എല്ലാം വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.
മോങ്ക് ക്വാര്‍ട്ടെര്സ് ,പിന്നെയും മുന്നോട്ട് പോയപ്പോള്‍  സന്യാസികളെ  അടക്കം ചയ്ത സ്ഥലം ..ഇത് ശാരദ ദേവിയുടെ സമാധി സ്ഥലം.
ഇപ്പോള്‍ ഹൌറ പാലം കാണാം ..വണ്ടികള്‍ തലങ്ങും വിലങ്ങും പോയ്‌ക്കൊണ്ടിരിക്കുന്നു..
നദിയില്‍ ഒരു പാട് ബോട്ടുകള്‍ ...
കരയില്‍ നിറയെ മരങ്ങള്‍ക്ക് നടുവില്‍ മകുടങ്ങള്‍ കാണാം ....ദക്ഷിണേശ്വര ക്ഷേത്രത്തിന്‍റെ  മകുടങ്ങള്‍ ....

ഗംഗാ നദിയുടെ കൈ വഴിയില്‍ ഹൂഗ്ലി നദിയില്‍ കാലും മുഖവും കഴുകി പടവിലേക്ക് കയറുമ്പോള്‍  മനസ് ശാന്തമായത് പോലെ ...

മനസ് ...മനസിലാണ് എല്ലാ യുദ്ധങ്ങളും ആരംഭികുന്നത്..മോഹങ്ങളും മോഹ ഭംഗങ്ങങ്ങളും ..

ശംഖു  വിളികളാല്‍ മുഖരിതമായ അന്തരീക്ഷം ..കര്‍പൂരത്തിന്‍റെ ഗന്ധം...

ദര്‍ശനം കഴിഞ്ഞു വെറുതെ കുറെ നേരം അവിടെ ഇരുന്നു ....മടുത്തപ്പോള്‍ കുറെ നടന്നു ..
ഒരിക്കല്‍ ഹരിയുടെ കൈ പിടിച്ചു  നടന്നു കണ്ട കാഴ്ചകള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ...
കാഴ്ചകള്‍ എപ്പോഴും അങ്ങനെയാണ് ..വഴികളും ...ആദ്യം പിച്ചവെച്ചു നടക്കുമ്പോള്‍ കാഴ്ചയും വഴിയും ശരിക്കും ആസ്വദിക്കാന്‍ കഴിയാറില്ല ..പിന്നെ സ്വയം ഒറ്റയ്ക്ക് നടക്കാന്‍ പഠികുമ്പോള്‍ ..അഹംകാരത്തിന്റെ കാഴ്ചയില്‍ സ്വയം മറക്കുന്നു ..പിന്നെ ഒറ്റക്കുള്ള യാത്രകള്‍ മടുക്കുമ്പോള്‍ ഒരു കൂട്ടിനായി തിരയുമ്പോള്‍ മറയ്ക്കപെടുന്ന കാഴ്ച 
ഒടുവില്‍ വീണ്ടും കാഴ്ചകള്‍ പെരുകി ഓര്‍മകളാകുമ്പോള്‍ ഏകാന്തമായ യാത്രകളില്‍ ഇതുപോലെ ....അപ്പോഴല്ലേ കാഴ്ചകള്‍ ശരിക്കും ആസ്വദിക്കാന്‍ പറ്റുക..ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കെട്ടുപാടുകള്‍ ഒന്നുമില്ലാതെ സ്വതന്ത്രമായ കാഴ്ചകള്‍ ...ഹ്രസ്വ ദൂര കാഴ്ചകളില്‍ നിന്ന് ദീര്‍ഘ ദൂര കാഴ്ച്ചകളിലെക്കുള്ള പരിണാമം ...
നടന്നു നടന്നു ശ്രീ രാമകൃഷ്ണ പരമഹംസര്‍ ഉപയോഗിച്ച മുറിയുടെ അടുതെത്തി ..എല്ലാം അത് പോലെ സൂക്ഷിച്ചിരിക്കുന്നു .പിന്നെയും നടന്നു ..വെറുതെ 

നഹാബത് ..ശാരദ ദേവിയുടെ താമസ സ്ഥലമായിരുന്നു പണ്ട് താഴത്തെ നിലയില്‍ അവര്‍ക്കായി ഒരുക്കിയ പ്രത്യേക പൂജ മുറിയും ..
ദാഹം തോന്നിയപ്പോള്‍ ഊണ് മുറയില്‍ കയറി , അവിടെ തറയില്‍ ചമ്രം പടഞ്ഞിരുന്നു തളികയില്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു ..തല മുന്ധനം ചയ്തു കാവിയുടുത്ത സന്യാസിമാര്‍..
വെള്ളം കുടിച്ചു ഒരുപാടു ..ദാഹം തീരുവോളം..

തരിച്ചു നടന്നു മാര്‍ബിള്‍ പാകിയ തറയില്‍ വെറുതെ ആള്‍കൂട്ടത്തെ നോക്കിയിരുന്നു.
നീണ്ടു മെലിഞ്ഞ ഒരു സന്യാസി എതിരെ നടന്നു വരുന്നു നീണ്ടുയര്‍ന്ന മൂക്ക് .
അലക്ഷ്യമായ നോട്ടം ..പക്ഷെ ആ കണ്ണുകളില്‍ ശാന്തതയുണ്ടായിരുന്നു..
ആ കണ്ണുകളില്‍ നോക്കി ഇരുന്നപ്പോള്‍ മനസില്‍ ശാന്തത തോന്നി..

"ലക്ഷ്മി ..."
ആരോ സ്നേഹത്തോടെ വിളിക്കുന്ന പോലെ 
സന്യാസിയുടെ പുറകെ നടന്നെത്താന്‍ ശ്രമിച്ചു ..

തോന്നലായിരുന്നു ആരും വിളിച്ചില്ല .എല്ലാ തോന്നലും ..മോഹങ്ങളും , ചിന്തകളും മോഹ ഭംഗങ്ങളും ..എല്ലാം മനസിന്‍റെ തോന്നല്‍ മാത്രമായിരുന്നു.


പകച്ചു സന്യാസിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ..അയാള്‍ ഒന്നു ചിരിച്ചു ..നിഷ്കളങ്കവും ..നിര്‍മ്മലവുമായ പുഞ്ചിരി...


അയാള്‍ ദൂരെ ഒരു കാവി നിറമായി മറയുമ്പോഴും മനസില്‍ ആ നിര്‍മ്മലമായ പുഞ്ചിരി പടര്‍ത്തിയ സ്വസ്ഥതയുടെ ..സുഖം..


ആ സുഖത്തില്‍ എത്ര നേരം അങ്ങനെ ഇരുന്നു എന്നോര്‍മയില്ല .കണ്ണ് തുറന്നപ്പോള്‍ വെയില്‍ ആറിയിരുന്നു..വീണ്ടും ഒരു സന്ധ്യ ...
ശംഖു വളകള്‍ ..കയില്‍ പിടച്ചു അങ്ങനെ ...ഇരുന്നത് മാത്രം ഓര്‍മയുണ്ട് ..


പടവുകള്‍ താണ്ടി ആളൊഴിഞ്ഞ തീരത്തേക്ക് നടന്നു ...മനസില്‍ ശാന്തമായ ശൂന്യത ...സൂര്യന്‍ കാവിയും കുങ്കുമവും കലര്‍ന്ന് ഹൂഗ്ലിയിലേക്ക് പതുക്കെ ലയിച്ചു കൊണ്ടിരുന്നു ...


ജന്മാന്തരങ്ങളിലൂടെ...ജലരാശികളുടെ ഉള്‍പരപ്പിലെക്ക് രണ്ടു വളകള്‍ ഒഴുകികൊണ്ടേ ഇരുന്നു ..ചുവപ്പും വെളുപ്പുമാര്‍ന്ന രണ്ടു വളകള്‍ .ശംഖു  വളകള്‍....  


.


9 അഭിപ്രായങ്ങൾ:

Pavithran പറഞ്ഞു...

കൊള്ളാം സതീഷ്‌... ഭാവനാപരമായി നീ വളരെയേറെ മുന്നേറിയ സൃഷ്ടി

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

കൊള്ളാമെടാ...
ഈ ഫോണ്ട് ഒന്ന് വലുതാക്ക്, ഇല്ലേല്‍ കണ്ണ് അടിച്ചു പോകും...

Jerin Joseph പറഞ്ഞു...

പന്തളം , തകര്‍ത്തു കേട്ടോ !!!!!!!!!!!!! നന്നായിട്ടുണ്ട് വളരെ വളരെ !!!!!!! വര്‍ണനാതീതം നിന്റെ ഈ സൃഷ്ടി

roshan പറഞ്ഞു...

സതീഷ്‌.... പോസ്റ്റ്‌ തകര്‍പ്പന്‍ ആയിട്ടുണ്ട്... അഭിനന്ദനങ്ങള്‍

smitha പറഞ്ഞു...

Its really nice... i loved it.. every part.. but i wud love to know where did hari go???

Smitha പറഞ്ഞു...

y does the girl has to wait all the time???? even whn the guy left her without any information...

അജ്ഞാതന്‍ പറഞ്ഞു...

hai super love story

അജ്ഞാതന്‍ പറഞ്ഞു...

sateesh ezhutanam....rasatanthram chalicha oxygen hygrogen koodichernna kadhakal... waiting 4 it......bye

rehna പറഞ്ഞു...

ഹരി എവിടെയാ പോയത് ??????ആ ശംഖ് വളകള്‍ ഒഴുക്കാതെ ലെക്ഷ്മിക്ക് സൂക്ഷിച്ചു വെച്ചാല്‍ പോരായിരുന്നോ ???നല്ല ഇഷ്ടായി ..എന്തോ മനസ്സിനൊരു വിങ്ങലും ...