WELCOME TO ULANADANS ARYDI

2011, ജൂലൈ 15, വെള്ളിയാഴ്‌ച

നന്ദന്‍റെ നക്ഷത്രങ്ങള്‍



രാമച്ചത്തിന്‍റെ ഗന്ധം!.....അസ്തമയ സൂര്യന്‍ ഉരുകിയലിയുകയാണ്‌ കുങ്കുമച്ചാ റു പുരണ്ട തിരമാലകളിലേക്ക്‌.
അവസാന അസ്ഥിയും പൊട്ടിച്ചിതറി ഭസ്മമായി അടര്‍ന്നു ..എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് മടങ്ങിയിട്ടും നന്ദന്  എന്തോ അവിടെ നിന്നും പോകാന്‍ തോന്നിയില്ല.
എല്ലാ  വെളിച്ചവും ഊതിക്കെടുത്തി ഇരുട്ടിലാണ്ട  രാത്രിയുടെ ആകാശത്തില്‍, കഴിഞ്ഞു പോയ പകലുകളുടെ ഓര്‍മയില്‍ ഏകനായി ഒരു നക്ഷത്രം നന്ദനെ നോക്കി നിന്നു.
അത് ഓര്‍മകളുടെ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചത് പോലെ..നീല വെളിച്ചം നെറുകയില്‍ ഉമ്മ വെച്ചത് പോലെ, പ്രണവാക്ഷരത്തിന്‍റെ പ്രപഞ്ച ശൂന്യതയില്‍ നിന്നും നാദ ബീജങ്ങള്‍ നക്ഷത്ര ശബ്ദമായി ക്ഷീരപഥങ്ങള്‍ താണ്ടി അവനെ വിളിച്ചു .
“നന്ദൂട്ടാ .....”
നന്ദന്‍ നക്ഷത്രത്തെ നോക്കിയിരുന്നു ...നക്ഷത്രം അവനെ നോക്കി കണ്‍ചിമ്മിയ പോലെ ...സ്നേഹവും വാത്സല്യവും നിലാവിനൊപ്പം അവന്‍റെ നെറുകയില്‍ തഴുകി . 

നന്ദന്‍ ഒരു നെടുവീര്‍പ്പോടെ ചിതയിലേക്ക് നോക്കി .പട്ടട ഒരു പിടി ചാരമായി ഞെരിഞ്ഞമര്‍ന്നു ...നിലാവില്‍ അത് നീല ഭസ്മമായി  മണ്ണിന്‍റെ നെറുകയില്‍ തൊട്ടു കിടന്നു.

നന്ദന്‍ ഇരുളിന്‍റെ നിലാവിലൂടെ കടന്നു പോയ പകലുകളിലേക്കു തിരിച്ചുനടന്നു ...ഓര്‍മകളുടെ വഴിയിലൂടെ വര്‍ഷങ്ങളുടെ അപ്പുറത്തേക്ക്..കാലുകള്‍ ഭാരം കുറഞ്ഞു ശരീരം നേര്‍ത്ത്..കുരുന്നു കാലുകള്‍ കൊണ്ട് ഉണ്ണിപ്പിച്ച വച്ച്  അച്ഛന്‍റെ മടിയിലേക്..

മുത്തച്ചനെന്താ ഉണരാത്തെ ..?
മുത്തച്ചനെ എന്തിനാ പുതപ്പിച്ചെക്കുന്നെ അച്ഛാ ...
പറ അച്ഛാ ....
അയ്യേ ദേ അച്ഛന്‍ കരയുന്നു...
കരഞ്ഞു കലങ്ങിയ കണ്ണുകളാല്‍ നോക്കി നന്ദനെ നെഞ്ചോടു ചേര്‍ത്തു നെറുകയില്‍ ഉമ്മവെച്ചു ...അച്ഛന്‍ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നുണ്ടായിരുന്നു ....ഒന്നുമില്ല നന്ദൂ ... മോന്‍ അമ്മയുടെ അടുത്ത് പോയിരിക്കു ...
വേണ്ട നാന്‍ ഇവിടെ ഇരിക്കുവാ...
അടുത്ത് നിന്ന ഒരു വൃദ്ധന്‍ അച്ഛനോടു പറയുന്നുണ്ടായിരുന്നു....
“ന്നാ പിന്നെ എടുക്കുകയല്ലേ ..അസ്തമയത്തിനു മുന്‍പ്.....
ഒരു നിസംഗ ഭാവമായിരുന്നോ അച്ഛനപ്പോള്‍ ....
അച്ഛന്‍റെ ആ നിസംഗത മനസിലാക്കാന്‍ എനിക്കും അച്ചനും ഇടയില്‍ നീണ്ട മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ വേണ്ടി വന്നു...ഓര്‍മകളില്‍ കാലിടറി നന്ദന്‍ മണ്ണില്‍ തളര്‍ന്നിരുന്നു... 
അയാളോര്‍ത്തു ....ഇന്ന് അച്ഛന്‍റെ ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ അര്‍ത്ഥമറിയാതെ പറഞ്ഞ വാക്കുകള്‍ തന്നെ  തേടി എത്തുകയായിരുന്നു ..തനിക്കും അച്ഛനുമിടയില്‍ വര്‍ഷങ്ങളായി തങ്ങി നിന്ന ഒരേയൊരു നിശബ്ദതയുടെ അര്‍ത്ഥമായി.
ഓര്‍മ്മകളിലൂടെ വീണ്ടും..അച്ഛന്‍റെ മടിയില്‍...  വൃദ്ധന്‍റെ ശബ്ദം “ഈ കുട്ടിയെ ആരെങ്കിലും ഒന്ന് എടുത്തു മാറ്റുക...”
“നന്ദു അമ്മയുടെ അടുത്തേക്ക് പോകു” ഏന്നെ എടുത്തു അമ്മയുടെ കൈയിലേക്ക് കൊടുത്തു  മുത്തച്ചന്‍റെ തലക്കല്‍ പിടിച്ചു അച്ഛന്‍ നടന്നു നീങ്ങുബോഴും ഒന്നും മനസിലാകാതെ വിചിത്രമായ കാഴ്ചകളില്‍ അത്ഭുതം കുറി ഞാന്‍ .ഇന്നലെ വരെ കഥകള്‍ പറഞ്ഞു കളിപ്പിച്ചു കൂടെ എപ്പോഴുമുണ്ടായിരുന്ന മുത്തച്ചനെ പുതപ്പിച്ചു കട്ടിലില്‍ പോലും കിടത്താതെ തറയില്‍ കിടത്തി.. പിന്നെ ദാ നാലഞ്ചു പേര്‍ അച്ഛന്‍റെ കൂടെ കൂടി മുത്തച്ചനെ എടുത്തു കൊണ്ട് പോകുന്നു ..കുതറി ഓടി അച്ഛന്‍റെ മുണ്ടിന്‍റെ ഓരം പറ്റികൂടെ നടക്കുമ്പോള്‍ ആരൊക്കെയോ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. വാശിയായിരുന്നു ..മുത്തച്ചനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നറിയണം..
തടിക്കഷണങ്ങള്‍ക്കു മുകളില്‍ മുത്തച്ചനെ കിടത്തിയപ്പോള്‍ തന്നെ അച്ഛനോട് ശരിക്കും ദേഷ്യം തോന്നി.
പിന്നെമുകളില്‍ വിറകുകഷണങ്ങള്‍ അടുക്കിയപ്പോഴും എന്താണ് നടക്കുന്നതന്നറിയാത്ത കാഴ്ചകാരന്‍റെ  മനസായിരുന്നു .
ഒടുവില്‍ അച്ഛന്‍റെ കയ്യില്‍ ആരോ ഒരു പന്തം കൊടുക്കുമ്പോള്‍ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട്‌ അലറുകയായിരുന്നു...
“അച്ഛാ വേണ്ട ..വേണ്ട അച്ഛാ ..മുത്തച്ചനെ കത്തിക്കണ്ട.....മുത്തച്ചന്‍ പാവമാ അച്ഛാ.
തീ ആളിപ്പടരുമ്പോള്‍ ശരിക്കും അച്ഛനോട് വെറുപ്പ്‌തോന്നി ...
ആര്‍ത്തുയരുന്ന തീ നാമ്പുകള്‍ കണ്ടു കുഞ്ഞു മനസില്‍ അന്ന് അറിവില്ലാതെ തോന്നിയ വാക്കുകള്‍ ..
കണ്ണുനീര്‍ ഒലിച്ചിറങ്ങി ഉപ്പുരസംപുരണ്ട വാക്കുകള്‍..
“നോക്കിക്കോ ഞാനും വലുതാകുമ്പോ അച്ഛനെയും കത്തിക്കും ഇതുപോലെ “
എല്ലാവരുടെയും നോട്ടം എന്നിലേക്ക് തിരിയുകയായിരുന്നു..
അര്‍ത്ഥമറിയാതെ അന്ന് പറഞ്ഞുപോയ വാക്കിന്‍റെ അര്‍ത്ഥമറിയാന്‍ നീണ്ട മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍.    
അയാള്‍ ആകാശത്തിലേക്കു നോക്കി മണ്ണിന്‍റെ മടിയിലേക്ക് മലര്‍ന്നു കിടന്നു.
ഒരു ഇളം കാറ്റ്‌ അയാളെ തലോടിയകന്നു..എന്നും തന്നെ നോക്കി കണ്ണ് ചിമ്മിയ നക്ഷത്ര മുത്തച്ചനൊപ്പം ഇന്ന് ഒരു പുതിയ നക്ഷത്രം കൂടി...
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്‍ രണ്ടു നക്ഷത്രങ്ങള്‍ നന്ദനെ നോക്കി പാല്‍നിലാച്ചിരിതൂകി...സ്നേഹത്തിന്‍റെ..വാത്സല്യത്തിന്‍റെ നക്ഷത്രസ്പര്‍ശം അവന്‍റെനെറുകയില്‍ തൊടാതെ തൊട്ടുമ്മവച്ചു ...