WELCOME TO ULANADANS ARYDI

2010, നവംബർ 30, ചൊവ്വാഴ്ച

സ്പീഡ് ( പവിത്രന്‍ എഴുതിയ കഥ അവന്‍ പറഞ്ഞ സ്ഥിതിക്ക് തല്‍കാലം അവന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ല...പക്ഷെ അവനെ നിങ്ങളില്‍ ചിലരെങ്കിലും അറിയും!! )

കുഞ്ഞൂട്ടന്‍സ് കഥയില്‍


"എസ്. ബി . യുടെ കവാടത്തിലൂടെ കവാടത്തിലൂടെ വലിയ ഇരുമ്പ് ഗേറ്റും കടന്നു മുന്നോട്ടു ചെന്നപ്പോള്‍ ചെമ്പക മരങ്ങള്‍ അതിരിട്ടു തണല്‍ വിരിച്ചു നിന്ന നടവഴിയുടെ അകലെ ആളൊഴിഞ്ഞ കല്‍ബഞ്ചു കളില്‍..ആരുടെയൊക്കെയോ ഓര്‍മകള്‍ അതിലിരുപ്പുന്ടന്നു അവനു തോന്നി.ഹെല്‍മറ്റ് വച്ച ഒരു യുവാവുമായി യമഹ ബൈക്ക് പുക പടര്‍ത്തി അത് വഴി ഇരമ്പി പാഞ്ഞു അവനെയും കടന്നു പോയി

എന്ന ഭാഗം വായിച്ചപ്പോള്‍ പലരും എന്നോട് ചോദിച്ചു ഇത് നമ്മുടെ പവിത്രനല്ലേ എന്നു ...

ഒരിക്കല്‍ യു ട്യൂബ് ഒക്കെ പ്രചാരതിലകുന്നതിനും മുന്‍പ് പദ്മരാജന്‍റെ കള്ളന്‍ പവിത്രന്‍ എന്ന സിനിമ കാണാന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്ത കൂട്ടുകാരന്‍

അതെ ...അങ്ങനെയാണ് അവനു ആപേര് വീണത്‌ ....ഞങ്ങള്‍ ഒരിക്കല്‍ സിനിമ സ്വപ്നം കണ്ടിരുന്നു ...ഇന്നലെ രാത്രി കള്ളന്‍ പവിത്രന്‍ ഗൂഗിള്‍ ചാറ്റില്‍...അളിയാ ഞാന്‍ ഒരു കഥ എഴുതിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു എന്നെ കളിയക്കുകയയിരിക്കുമെന്നു...രാവിലെ ഓഫീസില്‍ ഒരു കപ്പ്‌ ചായയുമായ് ഇരുന്നപോള്‍ ഉണ്ട് എന്‍റെ ആദ്യ കഥ എന്ന തലക്കെട്ടില്‍ അവന്റെ മെയില്‍...ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു ....ആ കഥ ഇതാ .....
വേഗതയുടെ...... മാറുന്ന മെട്രോ സെക്സ്  ജീവിതങ്ങളുടെ ക്ഷണിക സങ്കല്പങ്ങളില്‍ ഈ കഥക്കൊപ്പം ചിന്തയുടെ വേഗവും ഒരല്പ നേരം നമുക്ക് കുറയ്ക്കാം  
കഥാകാരന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഒട്ടും മത്സര ബുദ്ധി ഇല്ലാതെ  
                                                                        സ്പീഡ്
 ഭാര്യവീട്ടിലേക്ക് ബൈക്കില്‍ യാത്ര തുടങ്ങി. ഒറ്റയ്ക്കാണ്. ആത്മബന്ധമുള്ള ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ യാത്ര രസകരമായിരുന്നേനെ എന്ന് തോന്നി. എങ്കിലും സാരമില്ല, ഒരു മണിക്കൂറെടുക്കുമെങ്കിലും, ബൈക്ക് കണ്ടീഷന്‍ ആയതുകൊണ്ട് ബോറടിക്കില്ല എന്നാശ്വസിച്ചും ജീവിതയാത്രയിലെ കുണ്ടും കുഴിയും ഈ റോഡ്‌ യാത്രയിലും ദര്‍ശിക്കാം എന്ന വിചാരത്തെ ശിരസ്സിലേറ്റിയും ഞാന്‍ യാത്ര തുടര്‍ന്നു.


സ്പീഡ് ഇത്തിരി കൂടുന്നുണ്ട്. വഴി മനോഹരമായത് കൊണ്ട് കടിഞ്ഞാണിടാന്‍ തോന്നുന്നില്ല. അതിനനുസരിച്ച് എന്‍റെ അലസ്സഭാവവും മറയുന്നു. ഒരു ഹ്രസ്വദൂര ഓട്ടക്കാരന്റെ മത്സരബുദ്ധി തലയ്ക്കു കേറി പിടിക്കുന്നത്‌ പോലെ. മുന്നിലുള്ള വണ്ടികള്‍ ഓരോന്നിനെയും ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സിനിമയില്‍ താരരാജാക്കന്മാരുടെ രംഗപ്രവേശ സമയത്ത് വരുന്ന ഇടിവെട്ട് പശ്ചാത്തല സംഗീതം പോലെ ഒന്ന് ആ വണ്ടികളില്‍ ഇരിക്കുന്നവരെ ആരെങ്കിലും ഒന്ന് കേള്‍പ്പിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. പെട്ടെന്ന് എന്നിലെ പേടിത്തൊണ്ടന്‍ ഉണര്‍ന്നു. ഉണര്‍ന്നത് ഒരു അറിവുമായിട്ടാണ്. കല്യാണ സമയത്ത് നാള്‍ നോക്കിയപ്പോള്‍ വാഹനാപകട സാധ്യത ഒരു ജ്യോത്സ്യന്‍ സൂചിപ്പിച്ചിരുന്നു. കല്യാണം കഴിഞ്ഞ് 1 വര്‍ഷമാകാറായിട്ടും അത് സംഭിവിച്ചിട്ടില്ല. ഇനി ഇന്നാണോ ആ സുദിനം? കാരണം, ആ രീതിയിലാണ് പോക്ക്.

സ്പീഡ് കുറഞ്ഞു. പതിവ് റേഞ്ച് ആയ 40 - 45 ല്‍ എത്തി. ഇതിപ്പോ കുറെ തവണയായി ഈ ചിന്ത ഈ വണ്ടിയുടെ ബ്രേക്ക് നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ ഒരു നിസ്സംഗ ഭാവത്തോടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാ ഉണരുന്നു എന്നിലെ യുക്തിവാദി. യുക്തി അത്രയ്ക്ക് ഇല്ലെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ അംശമാണ് അവന്‍. എന്‍റെ മനസ്സാക്ഷിക്കു നേരെ അവന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി. എന്‍റെ കപടമുഖത്തെ അവന്‍ വലിച്ചു കീറി. എന്തായിരുന്നു എന്‍റെ കപടമുഖം?

വാരഫലം, നാള്‍, നാള്‍ദോഷങ്ങള്‍, ശനി തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ ഒരിത്തിരി വ്യാപ്രുതനാണ് . പക്ഷെ ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്നെ അവതരിപ്പിക്കുന്നത്‌ ഒരു യുക്തിവാദിയായിട്ടാണ്. പോരെ പുകില്‍. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. എന്തുകൊണ്ടാണ് ഞാന്‍ എന്‍റെ ഇത്യാദി വിഷയങ്ങളിലുള്ള താല്പര്യത്തെ രഹസ്യമാക്കുന്നത്? ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ആള്‍ക്കോ അതോ അവിശ്വാസിക്കോ കൂടുതല്‍ മാന്യത ? ആ വാഗ്വാദം അങ്ങനെ കത്തിക്കയറുമ്പോള്‍ എന്നിലേക്ക്‌ പടര്‍ന്നത് അവിശ്വാസി ആയിരുന്നു. വീണ്ടും ആക്സിലെറ്ററില്‍ പിടി മുറുകി. ഇടുങ്ങിയ ഒരു വഴിയിലൂടെ ആയിരുന്നിട്ടും ഉസ്സൈന്‍ ബോള്‍ട്ട് കണക്കെ ഞാന്‍ കുതിച്ചു. സ്പീഡ് കുറഞ്ഞ ഒരവസരത്തില്‍ എന്നെ ഓവര്‍ടേക്ക് ചെയ്തു പോയ ഒരു ഓട്ടോറിക്ഷ അതാ ഇടതു സൈഡിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു. ഒരു 2 - 3 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും അമ്മയും അതില്‍ നിന്നറിങ്ങി. ഇനി ഈ ഓട്ടോയെ മുന്നില്‍ കയറുവാന്‍ അനുവദിക്കില്ല എന്ന വാശിയോടെ ഓവര്‍ടേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ അതാ എതിരെ ഒരു ജീപ്പ് വരുന്നു. വഴിക്ക് അത്ര വീതിയില്ലാത്തത് കൊണ്ട് വേഗത കുറച്ച് ഓട്ടോയുടെ പിറകിലായി വണ്ടിയൊതുക്കി ജീപ്പ് കടന്നുപോകുന്നതിനായി കാത്തു നില്‍ക്കവെ, പെട്ടെന്ന്, ആ പെണ്‍കുട്ടി റോഡിന്‍റെ ഇരു വശത്തേക്കും നോക്കാതെ റോഡിനു കുറുകെ ഒറ്റ ഓട്ടം !

"മോളേ......." അമ്മയുടെ അലര്‍ച്ചയില്‍ ഞാന്‍ നടുങ്ങി ...."ദൈവമേ.." എന്‍റെ ഗദ്ഗദം ..... കണ്ണുകള്‍ വിറച്ചു ..മൊത്തത്തില്‍ ഒരു ശൂന്യത..ആ നിമിഷം ജീവിതത്തില്‍ വളരെ അപൂര്‍വമായി മാത്രം വരുന്ന ഒന്നായി എനിക്ക് തോന്നി. കാരണം, കുട്ടിക്ക് ഓട്ടോയുടെ മറവില്‍ ജീപ്പിനെയോ, ജീപ്പിലെ ഡ്രൈവറിന് കുട്ടിയേയോ കാണുവാന്‍ പറ്റുവായിരുന്നില്ല. എന്നിട്ടും കുട്ടി രക്ഷപ്പെട്ടു. ഡ്രൈവര്‍ വെപ്രാളത്തില്‍ ഇടതു വശത്തേക്ക് വെട്ടിച്ചു നിര്‍ത്തിയിരുന്നു. "എന്തോ ഓര്‍ത്തോണ്ടാ കൊച്ചിനെ ഒണ്ടാക്കിയത്.. " ഡ്രൈവറുടെ രോഷം ശുദ്ധ ചീത്തയായി പുറത്തു വന്നു. കഴിഞ്ഞ് പോയ നിമിഷത്തിന്റെ ഭീകരത അയാളുടെ മുഖത്ത് അപ്പോഴും നിഴലിച്ചു.

എന്തോ തെറ്റ് ചെയ്തതുപോലെ ആ കുട്ടി അമ്മയുടെ അടി പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ അമ്മക്ക് എങ്ങനെയും അവളെ എടുത്തു നെഞ്ചോടു ചേര്‍ക്കുവാനാണ് തോന്നിയത്. നാട്ടുകാര്‍ ഓടി വന്നു. പലരും എന്നോട് കാര്യം തിരക്കി. സംഭവം വിവരിച്ചുകൊണ്ട് ഒരു വിജ്ഞാനിയുടെ പരിവേഷത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ദൈവത്തിനെ സ്തുതിച്ചു ഒരു കേസില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സന്തോഷവും അത്ഭുതവും സമ്മേളിച്ച മുഖഭാവത്തോടെ ആ ജീപ്പുകാരന്‍ സ്ഥലം വിട്ടു. അദ്ദേഹത്തിനു എന്‍റെ സലാം.!!!

കുറച്ച് നേരം ഞാന്‍ അങ്ങനെ തന്നെ അവിടെ നിന്നു. ആലോചിച്ചു. Actually , എന്താണ് ഇവിടെ സംഭവിച്ചത് ? കുട്ടി രക്ഷപ്പെട്ടത് എങ്ങനെ? ദൈവത്തിന്റെ കൈ ആണോ ആ ജീപ്പ് നിയന്ത്രിച്ചത്? അതോ കേവലം യാദ്രിശ്ചികം എന്ന് മാത്രം പറയാവുന്ന കാര്യമാണോ? "ദൈവത്തിന്റെ പ്രവര്‍ത്തനം ആണെങ്കില്‍ എന്തുകൊണ്ട് എല്ലാ കുട്ടികളും ഇത് പോലെ വാഹനാപകടങ്ങളില്‍ നിന്നു രക്ഷപെടുന്നില്ല?" എന്നിലെ യുക്തിവാദി എന്നിലെ വിശ്വാസിക്കെതിരെ ഒരു ഗോളടിച്ചു. എങ്കിലും ഒരു വിശ്വാസിയായി സാത്വിക ഭാവത്തോടെ ഞാന്‍ വണ്ടിയെടുത്തു. കാരണം, ഈശ്വരനോ യുക്തിയോ എന്ന സമസ്യയില്‍ ഏതൊരാളിലും ഉണ്ടാകുന്ന ചോദ്യോത്തരങ്ങളെക്കാള്‍ എനിക്ക് ബോധ്യം വന്നത്, ആ ജീപ്പിനു അല്പം കൂടി വേഗതയുണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു എന്ന സത്യമാണ്. അത് ഞാന്‍ അംഗീകരിച്ചു കൊണ്ട് ഒരു 40 - 45 ല്‍ സ്പീഡ് പാലിച്ച് എന്‍റെ യാത്ര തുടര്‍ന്നു...മത്സരബുദ്ധിയില്ലാതെ ........






5 അഭിപ്രായങ്ങൾ:

Raneesh Chitootharayil പറഞ്ഞു...

നന്നായിട്ടുണ്ട്
യമഹ ബൈക്, എസ് ബി കോളേജ്, പവിത്രന്‍ ആരാണാവോ ?

ഒരേ സമയം യുക്തിവാദിയും വിശ്വാസിയും ആയി സ്വന്തം മനസ്സാക്ഷിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന,
സമൂഹത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന
നമ്മുടെ ഇടയില്‍ എവിടെയോ ഒളിച്ചിരിക്കുന്ന
പവിത്രന്‍റെ ആത്മ സങ്കര്‍ഷങ്ങള്‍ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു

കഥയെഴുത്തില്‍ ഒരു പുതിയ അവതരണ രീതി;
എഴുത്ത് കലയുടെ പുതിയ ഒരു ആഖ്യാന രീതി ചെറുകഥാ സാഹിത്യത്തില്‍ വ്യത്യസ്തമായി അവതരിപ്പിച്ച പവിത്രന്‍, ഈ കാലഘട്ടത്തിലെ
ഇ-എഴ്ത്തുകാരില്‍ മുന്‍പില്‍ നില്‍ക്കുന്നു;

കഥയുടെ തുടക്കം മുതല്‍ അവസാനം വരെ ഒരു ത്രില്ലെര്‍ സിനിമയുടെ സ്പീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞതും അഭിനന്ദനാര്‍ഹമാണ്

പവിത്രന്‍ ഒരു ജീനിയസ് ആകുന്നു; പവിത്രന് പാട്ട് പാടാനും അഭിനയിക്കാനും കഴിവുണ്ടെന്ന് കേട്ടിട്ടുണ്ടായിരുന്നു; പക്ഷെ കഥ എഴുതുമെന്നു അറിയില്ലായിരുന്നു
തുടക്കം ഗംഭീരമായി; എല്ലാ ആശംസകളും

Jerin Joseph പറഞ്ഞു...

2000 - 2003 യമഹ 135 ബൈക്കും ആയി കലാലയ വാതിലും കടന്നെത്തിയ തലയില്‍ മുടിയില്ലാത്ത ആ ചെറുപ്പക്കരെന്റെ ഈ കുറിപ്പ് വളരെ നന്നായിട്ടുണ്ട് ...... പദ്മരാജനെയും ഭാരതെനെയും ഒക്കെ ആരാധിക്കുന്ന കലാമൂല്യമുള്ള സിനിമ കാണാന്‍ ക്ലാസ്സ്‌ കട്ടു ചെയ്ത ആ ചങ്ങാതിയുടെ പുതിയ അനുഭവങ്ങള്‍ , കഥകള്‍ പ്രതീക്ഷിക്കുന്നു

Raj പറഞ്ഞു...

nalla aashayam... oru moralum undu.. kollam .. nalla avataranam...

ശ്രീജ എന്‍ എസ് പറഞ്ഞു...

നിന്റെ ഭാഷയില്‍ തന്നെ പറയാം..തുടക്കം സ്പാറി :) .പവിത്രനെ നന്നായി അറിയാമെന്നു ചിലപ്പോള്‍ കരുതും,മറ്റു ചിലപ്പോള്‍ തീരെ അറിയില്ലെന്നും..കൂടുതല്‍ എഴുതു.എഴുത്ത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം ആണെന്ന് എന്നോട് പറയുന്ന ഒരു സുഹൃത്തുണ്ട്. മനോഹരമായ ചിന്തകള്‍..

sanchari പറഞ്ഞു...

ഞാന്‍ എന്റെ വഴികളോട് കലഹിച്ചു ഒറ്റയ്ക്ക് നടന്നു;
വഴിയുടെ കൂട്ടില്ലാതെ !
ഒടുവില്‍ ഞാന്‍ നടന്നു നടന്നു ഉണ്ടാക്കിയെടുക്കുന്നതും ആയിരക്കണക്കിന് വഴികളില്‍ ഒന്ന് മാത്രമെന്ന തിരിച്ചറിവില്‍
എന്റെ വഴിത്തണലില്‍ ഞാന്‍ ഉടമ്പടിപത്രം ഒപ്പിട്ടു;
അങ്ങനെയാണ് ഞാന്‍ എഴുതുകാരനായത്!
കള്ളന്‍ പവിത്രനാകാതെ പോയത് !