WELCOME TO ULANADANS ARYDI

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

നാടകാന്തം കബന്ധം



അവിടെ വസന്തമില്ലായിരുന്നു .


പകലിന്‍റെ പുഴ വറ്റി വെയില്‍ -

ത്താണിടിഞ്ഞടര്‍ന്ന മണ്‍തിട്ടയുമില്ലയിരുന്നു

രാത്രിയുടെ സൂര്യന്‍ നക്ഷത്രങ്ങളുടെ

പകലില്‍ ഉദിച്ച ഒരു പ്രഭാതത്തില്‍

അവര്‍ കാടുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി

ജീവന്‍റെ തേജസ്‌ വറ്റിയ മണ്‍കൂനകള്‍ കൊണ്ട്

ആകാശം മുട്ടെയുള്ള സ്വപ്ന മാളികകള്‍

കൊണ്ടുള്ള കാട്....

സ്വപ്നങ്ങളുടെ കണ്ണാടിച്ചില്ലുകള്‍

പതിച്ച ജാലക വാതിലിലൂടെ

സാഗര നീലിമാക്കപ്പുറം

ശാന്തതയുടെ ഒരായിരം

മണ്‍ കുടിലുകള്‍ കണ്ടു

ധ്യാനത്തിന്‍റെ മഹാ മൌനങ്ങളില്‍

തപം ചെയ്തുറയുന്ന

ചിതലടര്‍ന്ന മണ്‍ പുറ്റുകളുടെ

ശാന്തതയില്‍ ..അവര്‍ അശാന്തരായി

ക്രിസ്തുവും കൃഷ്ണനും മുഹമ്മദും

തോളില്‍ കൈ ഇട്ടു നടന്ന ഒരു പകലില്‍

അവര്‍ യന്ത്രച്ചിറകിന്‍റെ പക്ഷി വേഗങ്ങല്‍ക്കുമപ്പുറം

ആകാശവും സമുദ്രവും ഭൂമിയും താണ്ടി അവിടെ എത്തി

അസൂയയുടെ പകയുടെ വെടിയുപ്പുകള്‍ നിറച്ച

വേര്‍തിരിവിന്‍റെ ആയുധങ്ങള്‍ക്കൊപ്പം

മത ഭ്രാന്തിന്‍റെ ലഹരി അവര്‍ അവിടെ വിതരണം ചെയ്തു .

കച്ചവടക്കണ്ണിന്‍റെ സ്വാര്‍ത്തത ആരംഭിക്കുന്നത്

എപ്പൊഴും വെറുതെകൊടുക്കലില്‍ നിന്നാണെന്നുള്ള

പാഠമറിയാതെ അവര്‍ ആ സ്നേഹദാനത്തിന്‍റെ

ഉന്‍മാദങ്ങളില്‍ ശാന്തയുടെ മണ്‍പുറ്റുകള്‍ തച്ചുടച്ചു

മണ്‍പുറ്റുകളുടെ ദേഹോf ഹമില്ലായ്മയില്‍

ക്ഷുഭിതരായി അവര്‍ പുതിയ ഗൂഡാലോചനകള്‍ നടത്തി

ശീതികരിച്ച ആഡംബരത്തിന്‍റെ പതുപതുപ്പാര്‍ന്ന അണിയറയില്‍

സംസ്കൃതിയുടെ ..പൈതൃകത്തിന്‍റെ ശിലകള്‍ തകര്‍ക്കാനായി

പുതിയ നാടകങ്ങളുടെ ഗൂഡാലോചനകള്‍ അരങ്ങേറിക്കൊണ്ടിരുന്നു ...

"നാടകാന്തം കബന്ധം "

മാധ്യമങ്ങള്‍ ആ നാടകത്തെ കറുത്ത തലക്കെട്ടില്‍ അച്ചടിച്ചു .

ഭാരത യുദ്ധത്തിന്‍റെ അര്‍ജുനവിഷാദയോഗത്തിന്‍റെ ആവര്‍ത്തനാമാണിതെന്നു

ഒരു മഞ്ഞപ്പത്രത്തിന്‍റെ സ്വന്തം ലേഖകന്‍ കാവിത്തലക്കെട്ടില്‍

അച്ചടിച്ചു.

മറ്റു രണ്ടു മഞ്ഞപ്പത്രങ്ങളില്‍ ഒന്ന് ഇത് അഭിമാനത്തിന്‍റെ

ജിഹാദാണന്നു പച്ച തലക്കെട്ടിലും ..

മറ്റൊന്ന് ഇത് സ്വാതന്ത്ര്യത്തിന്‍റെ കുരിശു യുദ്ധമാണന്നും അച്ചടിച്ചു.

ഉടല്‍ തേടുന്ന പൊള്ളയായ കബന്ധങ്ങളില്‍ മഴവെള്ളം

നിറഞ്ഞ ഉടല്‍ കരിഞ്ഞ സന്ധ്യയില്‍

പട്ടിണിയുടെ ഇരുണ്ട ഭൂഖണ്ടത്തില്‍ നിന്നും

വഴിതെറ്റിയ ഒരു ചണ്ടാലന്‍ അവിടെയെത്തി

അയാള്‍ സന്തോഷത്തിന്‍റെ ഉന്മാദങ്ങളില്‍ ആര്‍ത്തട്ടഹസിച്ചു ....

പൊള്ളയായ കബന്ധങ്ങള്‍ ആയിരം അക്ഷയ പാത്രങ്ങള്‍ പോലെ

തോന്നി അയാള്‍ക്ക്‌ .........

അഭിപ്രായങ്ങളൊന്നുമില്ല: