WELCOME TO ULANADANS ARYDI

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

തേനീച്ചകളുടെ ദേശം


നക്ഷത്രങ്ങള്‍ അലിഞ്ഞ പകലിന്‍റെ പൊന്‍ കിരണങ്ങള്‍ തീര്‍ത്ത വെയിലില്‍ ആയിരം വെള്ളി സൂചികള്‍ കാറ്റില്‍ തറപ്പിച്ച് തുഴഞ്ഞുയര്‍ന്നു ഒരു തൂവെള്ള നിറമാര്‍ന്ന അപ്പൂപ്പന്‍ താടി തേനീച്ചക്കുന്നിലേക്ക് തെന്നിയിറങ്ങി ,ഒരായിരം തേനീച്ചകള്‍ വൃത്തത്തില്‍ നൃത്തം ചെയ്തു ഈണമായി ഇരമ്പിപ്പറന്നു കാറ്റിന്‍റെ തേന് മണമായി ഒഴുകി പരന്നു .
തേനീച്ച കുന്നു ഗ്രാമത്തിന്‍റെ മുകളിലൂടെ ഒരു വലിയ കഴുകന്‍ വട്ടമിട്ടു പറന്നകന്നു .സൂര്യന്‍റെ തീവെയിലിലും ജല സമൃദ്ധിയുടെ സുഷുപ്തിയിലാണ്ട പുല്‍പച്ചയില്‍ കഴുകന്‍ ചിറകുകള്‍ നിഴല്‍ ചിത്രങ്ങളായി ചലിച്ചു. കുറുക്കന്‍ പാറയുടെ താഴ്വാരത്തിലെ വിസ്തൃതമായ കൃഷിയിടത്തില്‍ പുലര്‍ച്ചയ്ക്ക് തുടങ്ങിയ നീണ്ട അദ്ധ്വാനത്തിന് വിരാമമിട്ട് കഴുകന്‍ ചിറകു വരച്ച നിഴല്‍ ചിത്രങ്ങളുടെ ചലച്ചിത്രത്തിലൂടെ കേശവപിള്ള കഷണ്ടി തലയില്‍ കെട്ടിയ തോര്‍ത്തും തോളില്‍ ഒരു തൂമ്പയുമേന്തി പത്തു മണിക്കുള്ള പതിവ് പ്രാതലിനായി വീട്ടിലേക്കു മടങ്ങി.കുറുക്കന്‍ പാറയുടെ താഴ്വാരങ്ങളില്‍ കാറ്റിനെപ്പോഴും ഇരമ്പല്‍ ശബ്ദമാണ്, ഒരായിരം തേനീച്ചകളുടെ ചിറകിരമ്പുന്ന ശബ്ദം. പണ്ട്, പണ്ട്, പഴങ്കഥയിലെ കുറുക്കന്‍ നീല വെള്ളത്തില്‍ വീണു ദേഹം മുഴുവന്‍ നീല നിറമാര്‍ന്ന ആ രാത്രിയില്‍ നീലക്കുറുക്കന്‍ രാജാവായി സ്വയം പ്രഖ്യാപിക്കപ്പെട്ട ദിവസം പ്രജകളായ മൃഗങ്ങളെ അഭിസംബോധന ചെയ്തത് ഈ വലിയ പാറയിലിരുന്നായിരുന്നത്രേ, ആങ്ങനെ ഇത് കുറുക്കന്‍ പാറ ആയി തീര്‍ന്നു .വൃത്തത്തില്‍ നൃത്തം ചെയ്തു ഒരായിരം തേനീച്ചകള്‍ ജീവന്‍റെ അമൃതം തേടിപറന്നകന്നു. ജീവ ചക്രത്തിന്‍റെ പരാഗണ വേദനയില്‍ തേനീച്ചക്കുന്നു ഗ്രാമത്തിലെ പൂവുകള്‍ ഒന്ന് കൂടി കൂമ്പി വിടര്‍ന്നു. കുറുക്കന്‍ പാറയുടെ താഴ്വരയില്‍ ചെമ്മണ്‍ പാതക്കരികെ ദൂരെ മലങ്കാടുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന പൊയ്കയിലെക്ക് ചാഞ്ഞു കിടന്ന അത്തി മരത്തില്‍ പറ്റിപ്പിടിച്ചു നിന്ന  കൂട്ടിലേക്ക് പെണ്‍ തേനീച്ചകള്‍ കൂട്ടമായി പറന്നടുത്തു....പുലരിതുടുപ്പില്‍ പൂവില്‍ നിന്ന് പൂവിലേക്കടര്‍ന്ന പരാഗണത്തിന്‍റെ കര്‍മ യോഗത്തില്‍ പൂന്തേന്‍ നിറഞ്ഞ തേന്‍ വയറിന്‍റെ മഹാഭാരത്തില്‍ തളര്‍ന്നു കൂടണയുന്നതിന്‍റെ ഉത്സവാരവങ്ങള്‍ ഒരായിരം ചിറകുകളുടെ ഇരമ്പമായി കാതില്‍ അമര്‍ന്നപ്പോള്‍ ഷഡ്ഭുജാകൃതിയാര്‍ന്ന അറകളില്‍ ജീവാമൃതത്തിന്‍റെ പൂന്തേന്‍ ലഹരിയില്‍ ഉന്മത്തരായി ജന്‍മ സിദ്ധമായ അലസതയുടെ ജനിത ഘടനയില്‍ നിന്നും ആണ്‍ തേനീച്ചകള്‍ കണ്‍‌തുറന്നു, ജീവിതചക്രത്തിന്‍റെ മഹാമൌനങ്ങള്‍ റാണിയില്‍ നിന്നും ജീവന്‍റെ ഒരായിരം മുട്ടകളായി അടര്‍ന്നു വീണു കൊണ്ടേയിരുന്നു.

കിണറ്റിന്‍ കരയിലെ വൃത്തിയാക്കലിനു ശേഷം കാല്‍ വെള്ളയില്‍ പറ്റിയ മണ്‍ തരികളെ പൂമുഖത്ത് ഉറഞ്ഞു കിടന്ന വാല്‍ കിണ്ടിയിലെ ജല പുണ്യാഹം തളിച്ചടര്‍ത്തി മാറ്റി തറയില്‍ ചമ്രം പടഞ്ഞിരുന്നു കുടിച്ച കഞ്ഞിയുടെ ആലസ്യത്തില്‍ പുമുഖത്തെ ചാരുകസേരയിലെ തുണിയില്‍ ഉണങ്ങിയ പയര്‍ വള്ളി പോലെ നീണ്ടു വളഞ്ഞു കേശവപിള്ള ദൂരേക്ക്‌ വെറുതെ നോക്കിക്കിടന്നു കൊണ്ട് ഓര്‍മകളുടെ മുറുക്കാന്‍ പൊതി അഴിക്കവേ , അടുക്കളയിലേക്കു നോക്കി വിളിച്ചു പറഞ്ഞു,
"എക്ഷും കുട്ട്യേ..ഒരടക്ക ഇഞ്ഞെടുത്തെ ഇതിലുണ്ടാരുന്നതൊക്കെ എവിടെപ്പോയോ എന്തോ? ".
ലക്ഷ്മിക്കുട്ടി എന്ന എക്ഷും കുട്ടി
 "ന്നാ അങ്ങുന്നെ, ആ പിന്നെ നമ്മുടെ അങ്ങേലെ വാസുപിള്ള പെര്‍ഷേല്‍ നിന്ന് വന്നിട്ടുണ്ട് അവന്‍ ഇവിടെ കുറേനേരം അങ്ങുന്നിനേം കാത്തു പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ഒന്നു മുറുക്കാന്‍ ‍ ഒക്കെ മുറുക്കിടിപ്പോളങ്ങോട്ടിറങ്ങിയതെ ഉള്ളു "
എന്ന് പറഞ്ഞുകൊണ്ട് ചുരണ്ടി നുറുക്കിയ പാക്ക് കേശവ പിള്ളയുടെ കൈയിലേക്ക് കൊടുത്തു.
"ഓ വാസു വന്നോ? ഒരാണ്ട് പോയ പോക്കെ?! എത്ര പെട്ടന്നാ, ആ പിന്നെ ഇത്തവണ തിരച്ചു പോകുമ്പോള്‍ വാസുന് കുറച്ചു വന്‍പയര്‍ ‍ കൊടുത്തയക്കാന്‍ മറക്കണ്ട എക്ഷും കുട്ട്യെ എല്ലാം നല്ല പോലെ പൂത്തു വിളഞ്ഞിട്ടുണ്ട്".
കേശവ പിള്ള പറഞ്ഞത് കേള്‍ക്കാന്‍ നില്‍ക്കാതെ എക്ഷും കുട്ടി ഉച്ചക്കത്തെ സദ്യവട്ടങ്ങള്‍ക്കായി അടുക്കള പുറത്തേക്കു പോയിരുന്നു.കാലത്തിന്‍റെ തിമിരം പടര്‍ന്ന കേശവപിള്ളയുടെ കണ്ണുകള്‍ നിദ്രയുടെ ഇരുളിലേക്ക് വഴുതിയടഞ്ഞു . പകലുറക്കത്തിന്‍റെ ഇരുളില്‍ ചിതറിയ ക്ഷീരപഥത്തിന്‍റെ തമോഗര്‍ത്തങ്ങളുടെ ഇരുട്ടിനുമപ്പുറം ആദിമ ഭ്രൂണാവസ്ഥയിലാണ്ട പ്രപഞ്ചം ഒരു മഹാവിസ്ഫോടനത്തില്‍ ചിതറി, ദ്രവ്യത്തിന്‍റെ അവസ്ഥാന്തരങ്ങള്‍ക്കൊടുവില്‍ വാതകപടലങ്ങള്‍ ചേര്‍ന്നു നെബൂലകളിലെ പൊടി പടലങ്ങള്‍ക്കകത്ത് പെട്ടന്നുണ്ടായ ആഘാതത്തിന്‍റെ ശൈത്യത്തില്‍ ഒരു നക്ഷത്ര ഭ്രൂണം ഉടലെടുത്തു, രാസാവേഗങ്ങളുടെ ഒടുക്കങ്ങളിലെപ്പോഴോ ഒരായിരം കണികാകര്‍ഷണത്തിന്‍റെ വലുപ്പം ആകാശ പോയ്കയുടെ തീരത്തെവിടെയോ ഒരു പ്രാഗ് നക്ഷത്രമായി ചുരുങ്ങി ഭൂമിയിലേക്ക്‌ ഞെട്ടറ്റു വീണു, അത് ഷഡ്ഭുജാകൃതിയിലുള്ള ഒരു കൂട്ടം കുന്നുകളായി ഭൂമിയില്‍ പതിച്ചുയര്‍ന്നു. ചാരുകസേരയില്‍ പകലുറക്കത്തിന്‍റെ ആഴങ്ങളില്‍ നിന്നൊരു പയര്‍ വള്ളി ഞെട്ടിപ്പിടഞെണീറ്റു, കേശവപിള്ളയുടെ കഷണ്ടിത്തലയില്‍ നിന്നും നെറ്റിയിലേക്ക് വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു .മഹാ വിസ്ഫോടനത്തില്‍ ചിതറിയ നക്ഷത്രത്തരികള്‍ പോലെ വെയിലില്‍ അത് തിളങ്ങുന്നത് കണ്ടു കൊണ്ടാണ് എക്ഷും കുട്ടി പൂമുഖത്തീക്ക് വന്നത്.
"ങ്ങുന്നെ ഈ വയസു കാലത്താര്‍ക്കുവേണ്ടിയാ ഇനിയെങ്കിലും ഈ കൃഷിം വിളവെടുപ്പും ഒക്കെ നിര്‍ത്തി നാമം ജപിച്ചു ഇവിടെങ്ങാനും കുത്തിയിരിക്കരുതോ...ന്‍റെ തോട്ടത്തികാവിലമ്മേ... നെറ്റി നന്നായി വിയര്‍ത്തിട്ടുണ്ടല്ലോ!, ഞാന്‍ പോയി ഇറ്റു കഞ്ഞിബെള്ളം കൊണ്ടുവരാം".
കുഞ്ഞു നാളില്‍ അമ്മയുടെ മടിയില്‍ കിടന്നു കേട്ട കഥകള്‍ സ്വപ്നചിറകു വിടര്‍ത്തി ഇതിനു മുന്‍പും ഉറക്കങ്ങളില്‍ കടന്നു വന്നിട്ടുള്ളത് കേശവപിള്ള ഓര്‍ത്തു.ഓര്‍മകളിലെങ്ങോ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ട, പൂമ്പാറ്റകളുടെ വര്‍ണ ചിറകുകള്‍ മോഹിച്ച, ഉറിയിലെ വെണ്ണ പോലെ പുല്‍ത്തുംബിലെ ഹിമം പോലെ നിഷ്കളങ്കമായി മണ്ണ് തിന്ന ഒരു ബാല്യം...അമ്മയുടെ മടിയില്‍ തല ചായ്ച്ചു വച്ചു ആകാശത്തേക്ക് നോക്കി കഥക്കണ്ണ് മിഴിച്ചു കിടക്കുന്ന കുട്ടിക്ക് എത്ര കേട്ടാലും മതിവരാത്ത ആ കഥ വീണ്ടും അമ്മ പറഞ്ഞു കൊടുത്തു
"കേശു ..അങ്ങു ദൂരെ ആകാശപോയികയുടെ തീരത്ത് ഒരു കുഞ്ഞു നക്ഷത്രം ആകാശ ഗര്‍ഭത്തിലുണ്ടായി.ആകാശ ഗംഗ അതിനെ ഭൂമി ദേവിയുടെ മടിയിലേക്ക്‌ പ്രസവിച്ചിട്ടു..ആ കുഞ്ഞു നക്ഷത്രമാ നമ്മുടെ ഈ തേനീച്ചക്കുന്നു ദേശം.......ഓരോ രാത്രിയിലും ആ കുഞ്ഞു നക്ഷത്രത്തെ കാണാന്‍ തൊടാന്‍ അവിടെ പാറിക്കളിച്ചു നടക്കാന്‍ മറ്റു നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക്, നമ്മുടെ തേനീച്ച കുന്നിലേക്ക് പെയ്തിറങ്ങുമത്രേ ഒരായിരം മിന്നാമിനുങ്ങുകളായി...അവരെ സല്‍ക്കരിക്കാന്‍ ആണത്രേ തേനീച്ചക്കുന്നിലെ എണ്ണിയാല്‍ ഒടുങ്ങാത്ത തേനീച്ച കൂടുകള്‍..ആകാശ ഗംഗയുടെ തോഴിമാര്‍ തേനീച്ചകളായി ഭൂമിയില്‍, ഇവിടെ പിറവി എടുത്തതാണത്രെ..തേനീച്ച കുന്നിലേക്ക് രാത്രിയില്‍ നക്ഷത്രങ്ങളായി പെയ്തിറങ്ങുന്ന മിന്നാമിനുങ്ങുകള്‍ക്ക്‌കുടിക്കാന്‍ വേണ്ടി തേന്‍ ഉണ്ടാകുന്ന പെണ്‍തേനീച്ചകള്‍..........
."അപ്പോള്‍ ആണ്‍ തേനീച്ചകളോ? കൊച്ചു കേശുവിന്‍റെ സംശയത്തിനു മറുപടിയായി അമ്മ പറഞ്ഞു തുടങ്ങി
"ആണ്‍ തേനീച്ചകള്‍ മഹാമടിയന്മാരാ കുട്ട്യേ, ജന്മവാസനയും ണ്ടെന്ന് കൂട്ടിക്കോളൂ..അവര്‍ അലസരായി അങ്ങനെ തേനറകളില്‍ ഉണ്ടും ഉറങ്ങിയും കഴിഞു കൂടും. പാവം റാണിത്തെനീച്ച കൂട്ടില്‍ മുട്ടയും ഇട്ടു അങ്ങനെ കാത്തിരിക്കും.....
"റാണി ത്തെനീച്ചയോ?
അപ്പോള്‍ രാജാവില്ലേ അമ്മെ ?"
കേശു അദ്ഭുതം കൂറി ദൂരെ നക്ഷത്രങ്ങളില്‍ മിഴികൂര്‍പ്പിച്ചുകൊണ്ട് ചോദിച്ചു. എണ്ണക്കറുപ്പര്‍ന്ന മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടമ്മ പറഞ്ഞു....
"ഇല്ല കേശുവെ റാണിത്തെനീച്ചയെ ചുറ്റിപ്പറ്റിയാ തെനീച്ചകളുടെ ലോകം...മനുഷന്മാര്‍ക്ക് പറ്റാത്ത നിര്‍മാണ വൈഭവത്രേ തേനീച്ചകള്‍ക്ക് ....ആകാശഗങ്ങയുടെ തോഴിമാരല്ലേ അതാരിക്കും ....ആറു വശങ്ങളോടു കൂടിയ ഒരുപാടറകള്‍ചേര്‍ന്നതാ ഒരു തേനീച്ചക്കൂട്..അതില്‍ നിന്നും ആയിരക്കണക്കിനു തേനീച്ചകള്‍ സുര്യനുണരും മുമ്പ്‌ തേന്‍ തേടിയിറങ്ങും...ആദ്യം..ഒരാള്‍ പോയി പൂക്കള്‍ കണ്ടെത്തി തിരിച്ചു വരും എന്നിട്ടാഹ്ലാദത്താല്‍ വട്ടത്തില്‍ നൃത്തം ചവുട്ടി ഈണ ത്തില്‍മൂളിക്കൂട്ടിനു മുന്‍പില്‍ പറന്നുകളിക്കും."

"അതെന്തിനാമ്മേ?" കേശുവിന്‍റെ സംശയത്തിനു മറുപടിയായി അമ്മ പറഞ്ഞു
"അതോ...കേശുനമ്മ കഥ പറഞ്ഞു തരുന്നതെങ്ങനയാ...സംസാരിച്ചു വാക്കുകളില്‍ കൂടി അല്ലെ
"..."ഉം"
"അത് പോലെ തേനീച്ചകള്‍ സംസാരിക്കുന്നത് നൃത്തത്തികൂടാത്രേ...പൂക്കള്‍ കൂടിനു കുറച്ചു കൂടടുത്താണങ്കില്‍ നേതാവ് കൂടിനു മുന്നില്‍ താഴേക്കും മേലേക്കും ചാഞ്ചാടിപറന്നു പറയും."....."ഹേ കൂട്ടുകാരെ വരുവിന്‍ ,
ഇവിടെ അടുത്താണ് പൂന്തോട്ടം..നമുക്ക് അവിടേക്ക് പോകാം......"
"എന്നിട്ടോ"!
കേശുവിനാകാംക്ഷയായി അമ്മ വീണ്ടും പറഞ്ഞു തുടങ്ങി
"എന്നിട്ട് അവര്‍ പൂവായ പൂവെല്ലാം പറന്നു പൂമ്പൊടി പടര്‍ത്തും അപ്പോള്‍ സന്തോഷത്താല്‍ വിടര്‍ന്ന പൂവുകള്‍ പകരമായി തേന്‍ കൊടുക്കും അത് ആവോളം കുടിച്ചു ബാക്കി കാലിലെ നാക്കില്‍ കൂടി വയറിനു താഴെ ഉള്ള തെനറകളില്‍ ശേഖരിച്ചു തിരിച്ചു കൂട്ടിലേക്ക് മടങ്ങും....."
"അപ്പോളി ന്നാളോരീസം അപ്പുറത്തെ മാളു പറഞ്ഞതോ ..തേനീച്ചകള്‍ ദുഷ്ടന്മാരാ, നമ്മളെ കുത്തും ന്ന്‍."?

" അത് വെറുതെ പറഞ്ഞതല്ലേ ന്‍റെ കേശുവേ ...

തേനീച്ചകള്‍ പാവങ്ങളാ.മനുഷ്യന്‍റെ, വൃക്ഷ ലതാദികളുടെ ഒക്കെ നിലനില്‍പ്പ്‌ തേനീച്ചകളാ ന്‍റെ കേശ്വേ ...അവര്‍ പരാഗണം നടത്തിയാലെ സസ്യങ്ങള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യു അത് മനസിലാക്കാതെ ,ക്രൂരന്മാരായ മനുഷ്യന്‍മാര്‍ അവരെ കൊന്നു അവര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന തേന്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ മാത്രമേ കുത്തു.....മനസ് വിഷമിച്ചു നിറഞ്ഞ വേദനയോടെ മനസില്ലാമനസോടെ കുത്തും
" അതെന്താമ്മേ" ?
അതേ...ഒരിക്കല്‍ കുത്തിയാല്‍ ആ തേനീച്ചയുടെ കഥ അതോടെ കഴിഞ്ഞു ട്ടിം...."...
" പാവം തേനീച്ച " കൊച്ചു കേശുവിന്‍റെ മനസില്‍ ഒരായിരം തേനീച്ചകളിരംമ്പി....................................

കേശുവിന്‍റെ അമ്മയെപ്പോലെ...തലമുറകളിലൂടെ ഓരോ അമ്മമാരും പകര്‍ന്ന കഥകള്‍ ഓരോ തേനീച്ചക്കുന്നുകാരനേയും.......കഥകളെ ...നക്ഷത്രങ്ങളായി പെയ്തിറങ്ങുന്ന മിന്നാമിനുങ്ങുകളെ
....തേനീച്ചകളെ പ്രണയിക്കുന്നവരാക്കി..മണ്ണിന്‍റെ മണമറിയുന്ന കര്‍ഷകരാക്കി ...അങ്ങനെ തേനീച്ചക്കുന്നില്‍ വസന്തത്തിന്‍റെ സമൃദ്ധിയുടെ പൂക്കാലം എന്നും നിലനിന്നു . ആകാശം മുട്ടെ ഉയര്ന്നു നില്ക്കു ന്ന കുന്നുകള്‍
അതില്‍ പ്രകൃതിയുടെ അനുഗ്രഹവും...
ഇള വെയിലില്‍ ചിതറിയ ഓര്‍മകളപ്പുറം വട്ടത്തില്‍ പറന്നുകളിക്കുന്ന ഓണതുമ്പിയുടെ സ്വര്‍ണ്ണക്കറുപ്പ് കേശവ പിള്ളയില്‍ പഴയ ഓണസ്മൃതികളുടെ പൂക്കാലം തീര്‍ത്തു ..ചുണ്ണാമ്പ് വള്ളികള്‍ കെട്ടുപിണഞ്ഞ ഊഞ്ഞാലാട്ടങ്ങളില്‍ നിന്നും പോസ്റ്റ്‌ മാന്‍ ദാമോദരന്റെ സൈക്കിള്‍ മണി ഒച്ച അയാളെ ഉണര്‍ത്തി
സൈക്കിള്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ചു കൊണ്ട് പോസ്റ്റ്‌ മാന്‍ ദാമോദരന്‍ അകത്തേക്ക് കയറി വന്നു ...
"കേശവ പിള്ളദേഹം എന്താ ഓര്‍ത്തു കിടക്കുന്നത് ..എക്ഷും കുട്ടിയമ്മേ മുരളിക്കുഞ്ഞിന്‍റെ എഴുത്തുണ്ട്."
പറഞ്ഞു തീരുന്നതിനു മുന്പ് എക്ഷും കുട്ടി ഓടി വന്നു കത്ത് വാങ്ങി .
"കയറി ഇരിക്ക് ദാമോദരാ ഞാന്‍ ഇറ്റു മോരും വെള്ളം കൊണ്ടാരം ..ഈ ചൂടത്ത് സൈക്കിള്‍ചവിട്ടി വന്നതല്ലേ"
എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലീക്ക് തിരിഞ്ഞു.
" കേശവപിള്ളദേഹം അറിഞ്ഞോ നമ്മുടെ തേനീച്ച ക്കുന്നു പുരോഗമിക്കാന്‍ പോവാ "
..പോസ്റ്റുമാന്‍ ദാമോദരന്‍ നാട്ടു വാര്‍ത്തയുടെ കെട്ടഴിച്ചു കൊണ്ട് തൂണും ചാരി ഇരുന്നു .
"അതെന്താ ദാമോദരാ "
മോരും വെള്ളം പകര്‍ന്നു കൊടുക്കുന്നതിനിടെ ആകാംക്ഷ നിറഞ്ഞ സ്വരത്തില്‍ എക്ഷും കുട്ടി ചോദിച്ചതിനു മറുപടിയായി മോരും വെള്ളത്തിന്റെന്‍റെ രസത്തില്‍ ദാമോദരന്‍ പറഞ്ഞു .
"മ്മടെ കുറുക്കന്‍ പാറയുടെ അപ്പുറത്തുള്ള പുരയിടമുണ്ടല്ലോ " .
"അത് നമ്മുടെ ഓസപിന്‍റെ പുരയിട്മല്ലേ.".കേശവ പിള്ള നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് കണങ്ങളില്‍ വിരലോടിച്ചു കൊണ്ട് ചോദിച്ചു ...
ദാമോദരന്‍ ഒരല്പം ഗമയിലിരുന്നു കഥ തുടര്‍ന്നു .."അതെ അവിടെ നമ്മുടെ ടി വി ലും , റേഡിയോ ഇലും ഒക്കെ പരസ്യം കാണാറുള്ള ഒരു മൊബീല്‍ കമ്പനി ഉണ്ടല്ലോ ഗ്ലോബല്‍ വോയിസ്‌ ന്നോ മറ്റോ പേരുള്ള ,അവരുടെ ടവര്‍ നാട്ടാന്‍ പോകുവാണത്രെ ..ഒസപ്പിനു ഇനി മാസാമാസം വെറുതെ കിടന്ന ഉണക്ക കുന്നില്‍ നിന്ന് നല്ലൊരു തുക വരുമാനമായ് കിട്ടുമത്രേ ആ! ക്കെ ഒരു യോഗാ "..ദാമോദരന്‍ ഒല്‍പം അസൂയ കര്‍ന്ന വിഷമത്തോടെ പറഞ്ഞു നിര്‍ത്തി.
"ഉം" കേശവ പിള്ള ഒന്നിരുത്തി മൂളി, ദൂരെ നിന്നു വന്ന തേന്‍ മണമോഴുകിയ കാറ്റില്‍ കഞ്ചാവ് മണം പടര്‍ന്നു.

അകലെ കുറുക്കന്‍ പാറയുടെ താഴ്വാരത്തിലുള്ള ചെമ്മണ്‍ പാതയുടെ വശത്ത് കൂടി ഒഴുകുന്ന കാട്ടു പൊയ്കയില്‍ ഹിപ്പി തങ്കന്‍ നഗ്നനായി കുളിച്ചു കൊണ്ടിരിക്കുകയാരുന്നു .തേനീച്ച കുന്നു ഗ്രാമത്തിലെ ഒരേ ഒരു ഹിപ്പി ആയിരുന്നു തങ്കന്‍.കഞ്ചാവ് വലിക്കുന്ന തങ്കന്‍ എപ്പളും അയാളുടെ ലോകത്തില്‍ ലയിച്ചങ്ങനെ നടക്കും ..ഇടയ്ക്കു പണത്തിനു ആവശ്യം വരുമ്പോള്‍ ഈതെങ്കിലും വീട്ടു പടിക്കല്‍ കൈ നീട്ടും ..കൊച്ചു കുട്ടികള്‍ ഭക്ഷണം കഴിചില്ലങ്കില്‍ ഹിപ്പി തങ്കന്‍ പിടിച്ചു കൊണ്ട് പോകും എന്ന് പറഞ്ഞ് പെടിപിച്ചു ആണ് ചോര്‍ കൊടുത്തിരുന്നത് .....

കുളി കഴിഞ്ഞു മല മുകളില്‍ നിന്ന് എന്നോ ഒരിക്കല്‍ ഒഴുകിവന്നു പൊയ്കയില്‍ തറച്ച വലിയ പാറപുറത്തിരുന്നു വജ്രം പോലെ വെട്ടി തിളങ്ങിയ പോയ്കയുടെ വെയില്‍ തിളക്കങ്ങളില്‍ കണ്ണ് പാകി കഞ്ചാവും വലിച്ചു ഇരുന്നു .മലങ്കാടില്‍ നിന്നും ഒഴുകിയിറങ്ങുന്ന പോയികയുടെ സൌന്ദര്യത്തില്‍ കഞ്ചാവിന്റെ ലഹരി മൂത്ത് തങ്കന്‍ അങ്ങനെ ഇരിക്കവേ തങ്കനു ചുറ്റും ഒരായിരം തേനീച്ചകള്‍ ഇരമ്പി .പൊയ്കയിലേക്ക് ചാഞ്ഞു നിന്ന അത്തി മരത്തില്‍ പറ്റിപ്പിടിച്ചു തൂങ്ങിക്കിടന്ന തേനീച്ച കൂടിനു പുറത്തു ..പൂക്കളിലേക്ക് വൃത്തത്തില്‍ നൃത്തം ചെയ്തു പറന്നു പോയ തേനീച്ചകളുടെ നൃത്ത ഭാഷ ആസ്വദിച്ചു ..ലഹരിയുടെ കൊടുമുടിയിലേക്ക് തങ്കനുയര്‍ന്നു.

 ഹിപ്പി തങ്കനു തേനീച്ചകളുടെ ഭാഷ അറിയാമത്രേ . ഒരു ദിവസം ഒസപ്പാണ് കേശവ പിള്ളയോടിക്കാര്യം പറഞ്ഞത് .
" ന്നോടൊരിക്കല്‍ കഞ്ചാവ് മൂത്തിരുന്ന തങ്കന്‍ പറഞ്ഞ് തംബ്ര ..
കേശു തംബ്രക്കറിയുമോ തേനീച്ചകള്‍ നിര്ത്തം ചവുട്ടിയാ സംസാരിക്കുന്നതത്രേ"...
കേശവപിള്ളക്കറിയാമായിരുന്നു ...അത് ...

അറകള്‍ക്കുള്ളില്‍ അമൃത് പോലെ ഉറഞ്ഞു കിടന്ന തേന്‍ നുകരാന്‍ തങ്കന്‍ കഞ്ചാവിന്‍റെ ലഹരി പെരുക്കത്തില്‍ ഒരു തേനീച്ചയെപ്പോലെ പൊയികയിലെക്ക് ചാഞ്ഞു കിടന്ന അത്തി മരത്തിലേക്ക് പറന്നുയര്‍ന്നു ....
കഞ്ചാവ് മൂത്ത് വാടിയ ചേമ്പിന്‍ തണ്ട് പോലെ പോയ്‌കയില്‍ കിടന്ന തങ്കനെ വൈകുന്നേരം കൃഷിയിടത്തെക്ക് പോയ കേശവ പിള്ളയാണ് കണ്ടത്. തങ്കനെ എടുത്തു പാറപ്പുറത്ത് കിടത്തി കേശവപിള്ള നടത്തം തുടര്‍ന്നു .

ഇതിനു മുന്‍പും പല തവണ കഞ്ചാവിന്‍റെ ലഹരിയില്‍ സ്ഥല കാല ബോധങ്ങള്‍ക്കപ്പുറം, ബോധത്തിന്‍റെയും അബോധത്തിന്‍റെയും നേര്‍ത്ത വരകള്‍ക്കിടയില്‍ ധ്യാനത്തിന്‍റെ മഹാമൌനങ്ങളിലാണ്ടു കിടക്കാറുള്ള തങ്കനെ വെള്ളത്തില്‍ നിന്ന് പാറപ്പുറത്ത് കിടത്താറുള്ളതു കേശവ പിള്ള ഓര്‍ത്തു.

ദൂരെ പട്ടണത്തില്‍ നിന്നും ഒരു കാര്‍ തേനീച്ച കുന്നിനെ ലക്ഷ്യമാകി സഞ്ചരിച്ചു കൊണ്ടിരുന്നു .കാര്‍ നിരപ്പായ ടാര്‍ റോഡില്‍ നിന്നും ഷഡ്ഭുജാകൃതിയില്‍ ചിതറി കിടന്ന ഒരു കൂട്ടം കുന്നുകള്‍ നിറഞ്ഞ ഗ്രാമത്തിന്‍റെ നെറുകയിലേക്ക് ഗിയര്‍ മാറ്റി കയറുമ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്നങ്ങള്‍ ചിറകു വിരിച്ചു പൂവ് കണ്ട തേനീച്ചകളെപ്പോലെ തനിക്കു ചുറ്റും വൃത്തത്തില്‍ നൃത്തം വക്കുന്നത് പോലെ തോന്നി മനുവിന് ...ചെമ്മണ്‍ പാതക്കിരുവശവും പൂത്തുലഞ്ഞു നിന്ന വയലറ്റ് കാട്ടു പൂക്കളുടെ ഭംഗി ആസ്വദിച്ചു ഡ്രൈവ് ചെയുമ്പോള്‍ മനു സ്വയം വിലയിരുത്തുകയായിരുന്നു..പൂവ് കണ്ട തേനീച്ചകളെ പോലെ സ്വപ്‌നങ്ങള്‍ വൃത്തത്തില്‍ നൃത്തം വക്കുകയോ ...ഗൂഗിളിന്‍റെ സൈബര്‍ ചതുരങ്ങളില്‍ യാത്രക്ക് മുന്‍പ്തേനീച്ചക്കുന്നു എന്നു ചിതറിവീണ അക്ഷര ചോദ്യത്തിനു കിട്ടിയ ഉത്തരങ്ങളില്‍ ഒന്ന് തേനീച്ച എന്ന് വിക്കി പീടിയില്‍ തൊട്ടു കാണിച്ചപ്പോള്‍ കിട്ടിയ തേനീച്ചകളുടെ നൃത്ത ഭാഷയുടെ അറിവിനപ്പുറം ഒരു പക്ഷെ ഈ ദേശത്തിന്‍റെ വിചിത്രമായ പ്രത്യേകതകളിലേക്ക് തന്‍റെ മനസും ഇണങ്ങി ചേര്‍ന്നതായിരിക്കും മനു ചിന്തിച്ചു .....പുറപ്പെടും മുന്‍പ് ജോണ്‍ മാത്യു സര്‍ ഈ സ്ഥലത്തെ ക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..തേനീച്ചക്കുന്നു ഗ്രാമം ..വിചിത്രമായ ബന്ധം പേരും സ്ഥലവും തമ്മില്‍ ...താഴ്വാരത്തില്‍ ചാരിഞൊഴുകുന്ന നദി, എങ്ങും പൂത്തുലഞ്ഞു നില്കുന്ന പ്രകൃതി ,വിവിധ തരം സസ്യ ലതാദികള്‍ ..വിളഞ്ഞു നില്‍ക്കുന്ന നെല്‍ വയലുകള്‍ ..ഇത്രയും സുന്ദരമായ പ്രകൃതി ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലന്നു തോന്നി മനുവിന് .....

വലിയ പാറക്കെട്ടിന്‍റെ താഴ്വരിയിലുള്ള ചെമ്മണ്‍ പാതയില്‍ കൂടെ മലങ്കാടില്‍ നിന്നും ഒഴുകി വരുന്ന പൊയ്കയുടെ അരികിലൂടെ കാര്‍ മുന്നോട്ടു പോയപ്പോള്‍ ആദ്യമായ് ജോലി കിട്ടിയ അവസരത്തില്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ മനുവിന്‍റെ മനസ്സില്‍ മുഴങ്ങി...
" ഈ വന്ന കാലം പടിപ്പു മാത്രം പോര മോനെ ..ഒക്കെ നിന്‍റെ ഭാഗ്യാ " ...
ശരിയാണ് ഗ്ലോബല്‍ വോയിസ്‌ പോലൊരു മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ കമ്പനി അമേരിക്ക ഇല്‍ നിന്നു ഇന്ത്യ ഇല്‍ വരാനും..അവരുടെ കേരളത്തിലെ ബ്രാഞ്ചില്‍ പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടാനും ....ഒക്കെ ഭാഗ്യമാ അച്ഛന്‍ പറഞ്ഞത് പോലെ .....ഈ ആഗോളവല്ക്കാരണത്തിനു ആരോടൊക്കെ നന്ദി പറഞ്ഞാല്‍ പറ്റും ...ക്യാമ്പസ്‌ സെലെക്ഷെന്‍ കഴിഞ്ഞു ആറു മാസത്തെ പ്രോബഷന്‍ പീരീഡ്‌ ഉം കഴിഞ്ഞപ്പോള്‍ ജോണ്‍ മാത്യു സര്‍ പറഞ്ഞത് പോലെ ...സായിപ്പിന് എന്നെ നന്നേ അങ്ങു ബോധിച്ചു കാണും...ഗ്ലോബല്‍ വോയിസ്‌നു ഒരു മുതല്ക്കൂട്ടാകണം..തേനീച്ചക്കുന്നിന്‍റെ നെറുകയില്‍ ടവര്‍ ആകാശം മുട്ടെ വളര്‍ന്നു ചുറ്റുമുള്ള നഗരങ്ങളിലേക്ക് നല്ല കവറെജ് കിട്ടണം..... ചിന്തകള്‍ കാടുകയറി എപ്പോളോ ഉണര്‍ന്നു നോക്കുമ്പോള്‍ മനു കണ്ട കാഴ്ച അതി മനോഹരമായിരുന്നു...ഒരായിരം വര്‍ണ ശലഭങ്ങള്‍ കാറിന്‍റെ ഫ്രെണ്ട് ഗ്ലാസില്‍ പറ്റിപ്പിടിച്ചിരിക്കുന്നു ...ഓര്‍മകളില്‍ എവിടെയോ ഒരു വര്‍ണ ശലഭം ഇളവെയില്‍ കാഞ്ഞു ....

കാര്‍ നിര്‍ത്തി കാട്ട് പൊയ്കയുടെ ഭംഗി ആസ്വദിച്ചു സീറ്റില്‍ ചാരിക്കിടന്നത് മാത്രം ഓര്‍മയുണ്ട് .മനുവിന്‍റെ മനസ്‌, ഓര്‍മകളില്‍ ...വഴി നഷ്ടപ്പെട്ട ഒരു തേനീച്ചയെ പോലെ അലഞ്ഞു ....

എഞ്ചിന്‍ ഇമ്പത്തിന്‍റെ യന്ത്ര വേഗങ്ങളില്‍ ആക്സിലരേട്ടര്‍ വിരലമര്‍ന്നപ്പോള്‍ ഒരായിരം ശലഭ ചിറകുകള്‍ വേഗത്തില്‍ പറന്നകന്നു ..ഒരു വര്‍ണ സുന്ദരമായ സ്വപനത്തിന്‍റെ ശലഭായനം പോലെ...മലമുകളില്‍ നിന്നും ഒഴുകിവന്ന കാറ്റില്‍ കാട്ടു തേനിന്‍റെ മണം മനുവിനെ ഉണ്മതനാകി ...ചെവിക്കുള്ളില്‍ ഒരായിരം തേനീച്ചകള്‍ ഇരമ്പുന്നു .........
അകലെ ചെമ്മണ്‍ പാതയുടെ അരികിലൂടെ തലയില്‍ കെട്ടുമായി ഒരു തൂമ്പയും തോളില്‍ ഏന്തി വൃദ്ധനായ മനുഷ്യന്‍ വെള്ള മുണ്ടുടുത്തു നടന്നു പോകുന്നുണ്ടായിരുന്നു അയാള്‍ക്കരികില്‍ കാര്‍ നിര്‍ത്തി മനു ചോദിച്ചു
" ചേട്ടാ ഈ ജോസഫിന്‍റെ വീടെവിടെയാ "?.
കൃഷിയിടത്തു നിന്നും പതിവ് പ്രാതലിനായി ,മടങ്ങുന കേശവ പിള്ള നാട്ടുംപുറത്തു കാരന്‍റെ ആകാംഷയോടെ ഒരു മറു ചോദ്യമെറിഞ്ഞു.... " എവിടെ നിന്നാ ഇതിനു മുന്‍പ്‌ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ?"
"അതെ ഞാന്‍ മനു ദൂരെ പട്ടണത്തില്‍ നിന്നും വരികയാ ഗ്ലോബല്‍ വോയിസ്‌ എന്ന മൊബൈല്‍ കമ്പനിയില്‍ ജോലി ചെയുന്നു..കമ്പനിയുടെ ഒരു ടവര്‍ ഇവിടെ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി വരികയാ..."

"ഉം" ഒന്നിരുത്തി മൂളി കേശവ പിള്ള തുര്‍ന്നു
."ടി വി ലും റേഡിയോ ലുമൊക്കെ പരസ്യം കേട്ടിട്ടുണ്ട് നിങ്ങള്ടെ കമ്പനിടെ ..ഞാനും ആ വഴിക്കാ".
"ഇവിടുന്നു നേരെ പോയാല്‍ ഒരുകുന്നുകയറി കുറുക്കന്‍ പാറയുടെ വശത്തുകൂടി മറ്റൊരു കുന്നിന്‍റെ താഴെ ഇടത്ത്തെക്കുള്ള വഴി അവിടെന്നും നേരെ പോയാല്‍ മതി ചെന്ന് കേറുന്നത് ഓസപ്പിന്‍റെ പുരയാ"
കേശവപിള്ള പറഞ്ഞത് മനസിലാകാത്തത് പോലെ മനു ഒരു നിമിഷം ആലോചിച്ചു നിന്നു എന്നിട്ട് പറഞ്ഞു .
" ചേട്ടനും ആ വഴിക്കല്ലേ എങ്കില്‍ പിന്നെ നമുക്കൊരുമിച്ചു പോകാം "
"ഓ നമുക്കീ കുന്ത്രാണ്ടാത്ത്തിലുള്ള യാത്ര അത്ര പരിചയമില്ല കുഞ്ഞേ തന്നെയുമാല്ല ദേഹമാകെ വിയര്‍പ്പും ചെളിയുമാ കയ്യിലാണങ്കില്‍ തൂമ്പയും ഉണ്ട്"
"അതൊന്നും സാരമില്ല ചേട്ടന്‍ തൂമ്പ പുറകിലോട്ട് വച്ചിട്ടിങ്ങോട്ടു കയറു പ്ലീസ്‌ "
മനുവിന്റെ നിര്‍ബന്ധ ത്തിനു വഴങ്ങി മനസില്ല മനസോടെ കേശവപിള്ള തൂമ്പകൈ പുറകിലെ  വിണ്ടോവിലൂടെ പുറത്തേക്കു മുകളിലേക്ക് നാട്ടി നിര്‍ത്തി ..ഫ്രെണ്ട് സീറ്റില്‍ ഇരുപ്പുറപ്പിച്ചു .
കാര്‍ മുന്നോട്ടു നീങ്ങുബോള്‍ പുതുതായ്‌ കാണുന്ന പോലെ.. പതിവ്‌ കാഴ്ചകളുടെ ചലനങ്ങളില്‍ അദ്ഭുതം കൂറികേശവപിള്ള തുടര്‍ന്നു .

."പണ്ടേതോ നാട്ടില്‍ നിന്നും ഒന്നുമില്ലാതെ തെനീച്ചക്കുന്നിലേക്ക് വന്ന ഒരു അടിയാനാ ഔസേപ് ..കാട് വെട്ടിത്തെളിച്ച് അവന്‍ മണ്ണ് കൈയേറി ..കൃഷി ചെയ്തു ...ഇപ്പോളവന് കിടക്കാന്‍ കൂര ഉണ്ട് കുടുംബം ഉണ്ട് ..മണ്ണ് ചതിക്കില്ല ....സത്യമുള്ളവളാ ഭൂമിയമ്മ....നിങ്ങടെ കുന്ത്രാണ്ടം അവന്‍റെ പുരയിടതിലാ നാട്ടുന്നതെന്ന് പോസ്റ്റ്‌മാന്‍ ദാമോദരന്‍ പറഞ്ഞു അറിഞ്ഞിരുന്നു.അല്ല ഈ കുന്ത്രാണ്ടം നാട്ടുന്നത് കൊണ്ട് കൃഷി ക്ക് കുഴപ്പം വല്ലതും ഉണ്ടാകുമോ ..കറന്‍റ് അടിക്കുവോ മറ്റോ .........? ...കേശവ പിള്ളയുടെ മനസില്‍ നിന്നുയര്‍ന്ന സംശയം പുറത്തേക്ക് വന്നു........
"ഏയ് ഇല്ല ചേട്ടാ അങ്ങനൊന്നും വരില്ല ...തന്നെയുമല്ല കറണ്ടല്ല എലെക്ട്രോമാഗ്നെട്ടിക് തരംഗങ്ങള്‍ ചേര്‍ന്ന ഒരു കൂട്ടം റേഡിയോ തരംങ്ങങ്ങളാണതു ...
"അതെന്തൂട്ടു സാധനമാ ?"
കേശവ പിള്ളയുടെ സംശയത്തിനു മറുപടിയായി മറ്റൊരു കുന്നിന്‍റെ കയറ്റത്തിലേക്ക്‌ കാര്‍ ഓടിചു കയറ്റുമ്പോള്‍ മനു പറഞ്ഞു
" അത് ചേട്ടാ എന്താ പറയുക ഈ വൈദ്യുത കാന്തിക ശബ്ദങ്ങള്‍ ചേര്‍ന്ന ഒരുകൂട്ടം ശബ്ദ വീചികള്‍ അത് നമ്മള്‍ മനുഷ്യന്മാര്‍ക്ക് കേള്‍ക്കാന്‍ പോലും കഴിയില്ല........"

"ഓഹോ അത് ശരി”

എന്തോ മനസിലായത് പോലെ കേശവ പിള്ള തലയാട്ടി ....കാര്‍ കുന്നിറങ്ങുമ്പോള്‍ കേശവ പിള്ള മനുവിനോട് പറഞ്ഞു " ദാ ആ ഇറക്കത്തിന്‍റെ . ഇടത്തേക്കുള്ള വഴിയെ പോയാല്‍ ഔസേപ്പിന്റെള വീടായി "
മണ്‍ ചുമരില്‍ ഓട് പാകിയ ഒരു ചെറിയ വീടിനു മുന്പില്‍ വഴി അവസാനിച്ചു..മുറ്റത്തു ഒരു വലിയ കച്ചി തുറുവു ഉയര്‍ന്നു നില്പുണ്ടായിരുന്നു ..കറുത്ത മണ്‍ ചട്ടിയില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന ഒരു
കുഞ്ഞു പൂച്ച ഓടി മറഞ്ഞു ...പാവാടയും ബ്ലൌസും ധരിച്ച ഒരു പെണ്‍കുട്ടി പടിയില്‍ ഇരിക്കുന്ന വൃദ്ധയായ സ്ത്രീയുടെ മടിയില്‍ തല വച്ച് ആകാശത്തേക്ക് മിഴികള്‍ കൂര്‍പ്പിച്ചു കിടപ്പുണ്ടായിരുന്നു..വൃദ്ധയുടെ
കൈകള്‍ അവളുടെ തലയില്‍ എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നു ............കാര്‍ മുറ്റത്തേക്ക് ബ്രേക്ക്‌ ഇട്ടു നിന്നതും പെണ്‍കുട്ടി വാതില്‍ പുറകിലേക്ക് ഓടി മറഞ്ഞു....കേശവപിള്ള ഡോര്‍
തുറന്നു...
"ഒസപ്പെന്തിയെടി കൊച്ചു പെണ്ണെ ? എന്ന് ചോദിച്ചു കൊണ്ട് മുറ്റത്തെക്കിറങ്ങുമ്പോള്‍...വാതില്‍ പിറകിലേക്ക് മറഞ്ഞ ആ ശംഖു പുഷ്പങ്ങള്‍ പോലെ മനോഹരമായ മിഴികളുടെ ഉടമയെ തിരയ്യുകയായിരുന്നു മനുവിന്‍റെ കണ്ണുകള്‍ .
"ഒസപ്പച്ചായന്‍ കുളിക്കുവാ ഇരിക്ക് തംബ്ര" എന്ന് പറഞ്ഞു കൊണ്ട് കൊച്ചു പെണ്ണൊരു ചെറിയ തടി ബഞ്ച് മുട്ടത്തെക്കിട്ടു .ശംഖുപുഷ്പങ്ങള്‍ പുറത്തെക്കുറ്റ്‌ നോക്കുന്നുണ്ടായിരുന്നു.ദൂരെ നിന്നും ഒഴുകി വന്ന കാറ്റില്‍ കാച്യെണ്ണയുടെ സുഗന്ധം പരന്നു...

ആഹാ.! കേശു തമ്പ്രയുമുണ്ടല്ലോ ജോണ്‍ മാത്യു സര്‍ വരുമെന്നു പറഞ്ഞ
ആപ്പീസരെ കണ്ടില്ലല്ലോ എന്ന് ഏനിപ്പോ അങ്ങോട് നിരീച്ചതെ..ഉള്ളു ..."എന്നും പറഞ്ഞു കൊണ്ട് കറുത്ത് കുറുകിയ ഒരു മനുഷ്യന്‍ ഒറ്റ തോര്‍ത്തു
മുടുത്തു..മുറ്റത്തേക്ക് വന്നു. "
"ആ ഞാന്‍ അയ്യത്തു നിന്നും തിരിച്ചു വരുമ്പോളാ ഈ കുഞ്ഞെന്നോടാ വഴിചോദിച്ചത് "
"ജോസപെട്ടാ എന്ന്നാല്‍ പിന്നെ ആ സ്ഥലത്തേക്ക് പോയാലോ "?
എന്ന് മനു ചോദിച്ചപ്പോള്‍ "ഏതായാലും ഇത്രെമായി എന്നാല്‍ പിന്നെ ഞാനും വരാം താന്‍ ഒന്ന് വേഗം വാടോ ഒസപ്പേ " കേശവപിള്ളക്ക് തിടുക്കമായി.
" ഓ അടിയന്‍ ദാ എത്തി തംബ്ര" ഒസപ്‌ ധൃതിയില്‍ അകത്തേക്ക് പൊയി വേഷം മാറി തിരികെ വന്നു ...
കാര്‍ അവിടെ തന്നെ ഇട്ടു അവര്‍ കുറുക്കന്‍ പാറയുടെ അരികിലൂടെയുള്ള കാടുവഴിയിലൂടെ ഒസ്പ്പിന്റെ പുരയിടത്ത്തിലേക്ക് പൊയി.കാടും പടലയും പിടിച്ചു കിടന്ന കുന്നിന്റെ നെറുകയില്‍ മനു മനസില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി എന്നിട്ട് ജോസപ്പിനോട് പറഞ്ഞു
"ഈ ഭാഗം ഒന്ന് തെളിച്ചു വൃത്തിയാക്കി ഇടണം ആരെങ്കിലും വിളിച്ചു ചെയിച്ചാല്‍ അതിന്റെ പയ്മെന്‍റ് ഞാന്‍ വാങ്ങിത്തരാം അങ്ങനയാണങ്കി നാളെ തന്നെ മെറ്റിറിയലും ജോലിക്കാരും ഒക്കെ എത്തി പണി തുടങ്ങാന്‍ പറ്റും".
ജോസപ്‌ വിനയ പൂര്‍വം " അതിനെന്താ കുഞ്ഞേ എന്‍ തന്നെ മതി അത് ചെയ്യാന്‍ ഇന്ന് തന്നെ ചെയ്തേക്കാം കുഞ്ഞു നാളെ ഇഞ്ഞ് വന്ന മതി."
ദൂരെ കാറ്റില്‍ ഒരായിരം തേനീച്ചകള്‍ ഇരമ്പുന്ന കാറ്റിന്‍റെ ശബ്ദം ..മനു ഒരു നിമിഷം ഒരു തെനീച്ചയായി പ്പറന്നുയര്‍ന്നു .പതിയ താഴേക്ക് നടന്നിറങ്ങി ..കേശവപിള്ളയും ഒസപ്പും മനുവിനെ അനുഗമിച്ചു
..." ഓ അടിയന്‍ ദാ എത്തി തംബ്ര" ഒസപ്‌ ധൃതിയില്‍ അകത്തേക്ക് പൊയി വേഷം മാറി തിരികെ വന്നു ..
.
സ്ഥലം കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിച്ചു തിരികെ മടങ്ങുമ്പോള്‍ മനുവിന്‍റെമനസില്‍ ആകാശം മുട്ടെ ഒരു ടവര്‍ ഉയര്‍ന്നു...അപ്പോള്‍ കുറുക്കന്‍ പാറയുടെ താഴ്വാരത്ത് ഒരു വലിയ ഉത്സവം നടക്കുന്നുണ്ടായിരുന്നു

വസന്തത്തിന്‍റെ...പൂക്കാലത്തിന്‍റെ ഉത്സവം . ഷഡ്ഭുജാകൃതിയാര്‍ന്ന അറകള്‍ക്കുള്ളില്‍ മൈഥുനം മാത്രം തൊഴിലായ അലസജന്മങ്ങളായ ആണ്‍ തേനീച്ചകള്‍ മധുനുകര്‍ന്ന് മദോന്‍മത്തരായി ലഹരിയുടെ സുഷുപ്തിയിലാണ്ട് കിടന്നു .പെണ്‍ തേനീച്ചകള്‍ വൃത്തത്തില്‍ നൃത്തം ചെയ്ത് ഈണത്തില്‍ മൂളിപ്പറന്നു ..കാര്‍ കുറുക്കന്‍ പാറ യുടെ താഴ്വാരത്തിലൂടെ കുന്നു കയറുമ്പോള്‍ മനുവിന്‍റെ മൊബൈല്‍ ഫോണില്‍ ജോണ്‍ മാത്യു ന്‍റെ കാള്‍ റിംഗ്ടോണായി പാടുന്നുണ്ടായിരുന്നു .വസന്തത്തിന്‍റെ ഉത്സവത്തിനു നടുവില്‍ ജീവന്‍റെ മുട്ടകള്‍ക്ക് കാവലിരുന്ന റാണി തേനീച്ചയുടെ മനസില്‍ വരാനിരുന്ന ഏതോ കടുത്ത ദുര്‍ വിധിയുടെ മരണ മണി മുഴങ്ങി.ഹിപ്പി തങ്കന്‍ കഞ്ചാവില്‍  ചരടറ്റ പട്ടം പോലെ ലഹരിയുടെ മഹാമൌനങ്ങളില്‍ ആണ്ടു പൊയ്കയിലെ പാറപ്പുറത്ത് കാറ്റില്‍ വിറങ്ങലിച്ചു കിടന്നു ....തേനീച്ചക്കുന്നിലെ ഉത്സവ ദിനങ്ങള്‍ ഇതള്കളായി അടര്‍ന്നു വീണു കൊണ്ടിരുന്നു ..ഒടുവിലൊരു ദിനം ടവര്‍ന്റെ പണി പൂര്‍ത്തിയായി ...ഏറ്റെടുത്ത ജോലി ഭംഗിയായി തീര്‍ത്ത സന്തോഷം ടവറിനരികില്‍ താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ തമ്പില്‍ അനന്തനും മറ്റു തൊഴിലാളികളും പങ്കു വച്ചു.കേശവ പിള്ളയും , ഒസേപും ആ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു .
സൂര്യന്‍ മറഞ്ഞു നക്ഷത്രങ്ങള്‍ മിന്നാ മിനുങ്ങുകളായി തേനീച്ച കുന്നിലേക്ക് പെയ്തിറന്ഗ്ങ്ങു മ്പോഴും കഞ്ചാവിന്റെ ലഹരിയില്‍ ഹിപ്പി തങ്കന്‍ കുറുക്കന്‍ പാറയില്‍ നിന്ന് പട്ടം പറത്തുകയായിരുന്നു ശക്തമായ കാറ്റില്‍ ഉലഞ്ഞ പട്ടം ..ദൂരെ മാനത്തെക്കുയര്‍ന്നു നിന്ന ടവറില്‍ കുരുങ്ങി ...ഹിപ്പിതങ്കന്‍ ചരടറ്റ പട്ടം പോലെ കുറുക്കന്‍ പാറയിലൂടെ താഴെ പൊയ്കയിലെക്കൂര്‍ന്നിറങ്ങി നൃത്തച്ചുവടു തെറ്റിയ തേനീച്ചകള്‍ രാത്രിയിട്ടും കൂട്ടിലെക്കുള്ള വഴി മറന്നത് പോലെ അലഞ്ഞു ...മിന്നാമിനുങ്ങുകള്‍ നക്ഷത്രമായി പെയ്തിറങ്ങിയ രാത്രിയില്‍ , ലഹരിയുടെ ഇരുളില്‍ കേശവപിള്ളയും, ഒസപ്പും ,അവരവരുടെ വീടുകളിലേക്ക് വേച്ചുവേച്ച് മടങ്ങി .നീണ്ട അദ്ധ്വാനത്തിന്‍റെ പൂര്‍ണത സമ്മാനിക്കുവാന്‍ പോകുന്ന ഒഴിവു കാലത്തിന്‍റെ ആലസ്യം നുകരുവാന്‍ മനുവും ആ രാത്രി തന്നെ നഗരത്തിന്‍റെ തിരക്കുകളിലേക്ക് മടങ്ങി .ചരടറ്റ പട്ടം തേനീച്ചക്കുന്നിന്‍റെ താഴ്വരകളില്‍ എവിടെയോ വഴി നാഴ്ടപ്പെട്ടു നിലതെറ്റിയടര്‍ന്നു വീണു.

ആകാശം മുട്ടെ ഉയര്‍ന്നു നിന്ന ഗ്ലോബല്‍ വോയിസിന്‍റെ ടവറില്‍ നിന്നും ഒരായിരം വിഷശബ്ദങ്ങള്‍ കാന്തിക കണങ്ങളുടെ കണികാ രൂപമാര്‍ന്നു എങ്ങും ചിതറി പ്പരന്നു ..കേശവപിള്ള നിദ്രയുടെ ഇരുളില്‍,വരാനിരിക്കുന്ന ഒരു ദുര്‍ വിധിയുടെ ഭയാനകമായ സ്വപ്നത്തില്‍ അലിഞ്ഞു.സ്വപ്നത്തില്‍ ആകാശം മുട്ടെ ഉയര്‍ന്നു നിന്ന്ന ടവറില്‍ നിന്ന് വിഷ ശബ്ദങ്ങള്‍ തേനീച്ച ക്കുന്നിലെങ്ങും ചിതറിപ്പരന്നു.വൃത്തത്തില്‍ നൃത്തം ചെയ്തു പൂക്കളിലേക്ക് പറന്ന തേനീച്ചക്കൂട്ടം വിഷ ശബ്ദങ്ങളില്‍ തട്ടി പൂക്കള്‍ അറിയാതെ ഓര്‍മ്മകള്‍ നശിച്ച് തെനീച്ച്ചക്കുന്നില്‍ അലറിപ്പറന്നു ...ചിറകു തളര്‍ന്നു ശലഭങ്ങള്‍ കൂട്ടമായി ചിര്കടര്‍ന്നു പുഴുക്കളായി ...തെനീച്ച്ചക്കുന്നില്‍ പരിണാമ സിദ്ധാന്തം തല തിരഞ്ഞാഭിചാരത്തിലമര്‍ന്നു ...ചിതറിയ വര്‍ണചിത്രങ്ങളായി ‍ ചിതറി ക്കിടന്ന ശലഭത്തുണ്ടുകള്‍ കൊണ്ട് ഉറുമ്പുകള്‍ ഘോഷയാത്ര നടത്തി. നക്ഷത്രങ്ങളായി പെയ്തിറങ്ങിയ മിന്നാമിനുങ്ങുകള്‍ തീനീച്ചകള്‍ക്ക്, ആകാശ ഗംഗയുടെ തോഴിമാര്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദുര്‍വിധിയില്‍ മനം നൊന്തു നീല കണ്ണുനീരായി
മണ്ണിലലിഞ്ഞു  .തേനീച്ചകള്‍
ചുംബിക്കാതെ..പരാഗണം നടക്കാതെ തേനിന്‍റെ ഭാരത്താല്‍ പൂക്കള്‍ മണ്ണിലേക്ക് മുട്ടു കുത്തി പ്രാര്‍ത്ത്തിച്ചു .ആയിരം പൂമ്പോടിക്കുരുന്നുകള്‍ തെനീച്ച്ചക്കുന്നിന്‍റെ ആഴങ്ങളിലേക്കു ജീര്‍ണതയുടെ പുഴുക്കളായി അരിച്ചിറങ്ങി...പരാഗണത്തിന്‍റെ നീണ്ട ഇടവേള ,വസന്തത്തെ സമൃദ്ധിയെ ആട്ടിയോടിച്ചു ..ഒരായിരം തേനീച്ചകള്‍ വഴിയറിയാതെ വിഷ ശബ്ദങ്ങളില്‍ തകര്‍ന്നു ഓര്‍മ നശിച്ചു തേനീച്ചക്കുന്നില്‍ ചത്തടിഞ്ഞു അഴുകിയ ശവഗന്ധമായ്‌ കാട്ടുതേന്‍ മണമലിഞ്ഞ കാറ്റില്‍ പടര്‍ന്നു ..അത് പെരുകി പെരുകി മനുഷ്യ മാസംത്തിന്‍റെ ഗന്ധമായ്‌ പടര്‍ന്നു കൊണ്ടിരുന്നു.

സൂര്യന്‍റെ സ്വര്‍ണവെളിച്ചം തെനീച്ച ക്കുന്നില്‍ വിതറിയ ഒരു പുലരിയില്‍ അഴുകിയ ചേമ്പിന്‍ തണ്ട് പോലെ പാറയില്‍ കിടന്ന ഹിപ്പി തങ്കന്‍റെ ജഡം കാട്ടു നായ്ക്കള്‍ കടിച്ചു പറിക്കുകയായിരുന്നു ..ആ സമയം അങ്ങ് ദൂരെ പട്ടണത്തില്‍ അവധി ദിവസത്തിന്‍റെ ആലസ്യത്തില്‍ മനു തന്നെ അലസോരപ്പെടുത്തിയ മൊബൈല്‍ ഫോണ്‍ ന്‍റെ മണി ഒച്ച ഓഫ് ചെയ്തു പുതപ്പിനടിയിലീക്കൂര്‍ന്നിറങ്ങി..മനുവിന്‍റെ ചുണ്ടില്‍ വന്യമായ ഒരു പുഞ്ചിരി മായാതെ കിടന്നു....അപ്പോഴും വിഷ ശബ്ദത്തില്‍ പടര്‍ന്ന കാന്തിക തര്ങ്ങങ്ങള്‍ കണികകളായ് കാറ്റില്‍ പടര്‍ന്നു. കുന്നിന്‍ മുകളിലെ ടവറില്‍ നിന്നും നഗരത്തിന്‍റെ തിരക്കുകളിലേക്ക് വിഷ ശബ്ദങ്ങള്‍ സെല്‍ഫോണില്‍ നിന്ന് സെല്‍ഫോണിലേക്ക്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ...പടര്‍ന്നു കൊണ്ടിരുന്നു.

4 അഭിപ്രായങ്ങൾ:

നൗഫല്‍ പറഞ്ഞു...

സതീഷ്‌, നല്ല തുടക്കം നന്നായിട്ടുണ്ട്

അജ്ഞാതന്‍ പറഞ്ഞു...

സതീഷ്‌, നല്ല തുടക്കം നന്നായിട്ടുണ്ട്

Cholakkel പറഞ്ഞു...

പഴയ പോലെ വീണ്ടും കൂട്ടത്തില്‍ ആക്റ്റീവായാലെ ഞാന്‍ കമന്‍റൂ ഹും

saleem kunnamkulam പറഞ്ഞു...

തുടക്കവും അവസാനവും നന്നായിട്ടുണ്ട് നമ്മള്‍ പുരോഗമനത്തിലേക്ക് പോകുമ്പോള്‍ നമ്മുടെ അന്തകന്‍ ആകുന്ന ടവര്‍